മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ പർദ്ദ ധരിച്ചെത്തി ഒളിക്യാമറ സ്ഥാപിച്ച 23 കാരൻ പിടിയിൽ
കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ഐടി ജീവനക്കാരൻ പോലീസ് പിടിയിലായി. കണ്ണൂർ കരുവള്ളൂർ സ്വദേശിയായ എംഎ അഭിമന്യു 23 ആണ് പോലീസ്പിടിയിലായത്. ഇടപ്പള്ളിയിലെ ലുലു മാളിൽ ഇയാൾ വേഷം മാറി കടന്നു കയറിയാണ് ക്യാമറ ഒളിപ്പിച്ചു വെച്ചത്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെ പർദ്ദ ധരിച്ച് എത്തിയശേഷം ശുചിമുറിയുടെ വാതിലിൽ സ്ഥാപിച്ച കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഒളിപ്പിച്ച് വെക്കുകയായിരുന്നു. മുറിയുടെ പ്രധാന വാതിലിനു പുറത്ത് പർദ്ദധരിച്ചു ഇയാൾ അസ്വഭാവികമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കളമശ്ശേരി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ക്യാമറ കണ്ടെത്തിയത്.
താൻ ട്രാൻസ്ജെൻഡർ ആണെന്നും,ലെസ്ബിൻ ആണെന്നും ഒക്കെ പറഞ്ഞ് പ്രതി രക്ഷപ്പെടാനായി ശ്രമിച്ചു. ഇൻഫോപാർക്കിലെ ജീവനക്കാരനാണ് ഇയാൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു അഭിമന്യുവിനെ അവിടെയുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ളവരാണ് പിടിച്ചു പോലീസിൽ ഏൽപ്പിച്ചത്. ബിടെക് റോബോട്ടിക്സ് എൻജിനീയറിങ്ങിൽ റാങ്കോടെ വിജയിച്ച ആളാണ് പ്രതി.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണ് പോലീസ്. കളമശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മറ്റു സ്ഥാപനങ്ങളിലും ഇയാൾ സമ്മാനമായ രീതിയിൽ വീഡിയോ പകർത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
