ബസ് കൂലിയും ഇല്ല, ചോറ് വെക്കാൻ അരിയുമില്ല; 9 പേർ 25 രൂപയും 2 പേർ പന്ത്രണ്ടര രൂപ വീതവും നൽകിയാണ് ടിക്കറ്റ് എടുത്തത്
മൺസൂൺ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം ഭാഗ്യ ദേവത കടാക്ഷിച്ചത് 11 വീടുകളിലേക്ക് ആണ് . നേരത്തെയും മൂന്നുതവണ ഇവർ ബംബർ ലോട്ടറി എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ഓണം ബമ്പറിന് ആയിരം രൂപ ലഭിച്ചതോടെ പ്രതീക്ഷ നൽകി. കഴിഞ്ഞമാസം പതിനഞ്ചാം തീയതിയാണ് മാലിന്യം വേർതിരിച്ചു കൊണ്ടിരിക്കുന്നതിനിടെ ലോട്ടറി വില്പനക്കാരൻ എത്തിയത്. കയ്യിൽ പണമില്ലാത്തതിനാൽ ടിക്കറ്റ് വേണ്ടെന്നു പറഞ്ഞപ്പോൾ ലോട്ടറി വില്പനക്കാരൻ കഴിഞ്ഞ തവണ ആയിരം രൂപ അടിച്ച കാര്യം ഓർമ്മിപ്പിച്ചു.
ലോട്ടറി വില്പനക്കാരന്റെ നിർബന്ധപ്രകാരം കുറച്ച് അപ്പുറത്ത് ജോലി ചെയ്തു കൊണ്ടിരുന്നവരോട് എല്ലാം ആലോചിച്ച ശേഷം ഭാഗ്യശാലികളുടെ കൂട്ടത്തിൽ ഉള്ള എം. പി രാധ ആണ് ടിക്കറ്റ് വാങ്ങിയത്. 25 രൂപ വീതം 9 പേരും നൽകി ബാക്കിയുള്ള രണ്ടുപേരുടെ കൈവശത്ത് അത്രയും പൈസ എടുക്കാൻ ഇല്ലായിരുന്നു,അവർ പന്ത്രണ്ടര രൂപ വീതമാണ് നൽകിയത്. ആ ടിക്കറ്റ് ആണ് ഇപ്പോൾ അവർക്ക് ഭാഗ്യത്തിലേക്കുള്ള വഴിയൊരുക്കിയത്. ഈ ബംബർ ടിക്കറ്റ് നൽകിയ ആളുടെ പേര് ഇവർക്ക് അറിയുകയില്ല.ഹരിത കർമ്മ സേനാംഗമായ ലീല മകളുടെ പഠനവും ചികിത്സയും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന വിഷമത്തിലാണ് ഇന്നലെ ജോലിക്ക് വന്നത്.
ബസ് കയറി പോവാനായി പത്തു രൂപ കണ്ടെത്താൻ ബുദ്ധിമുട്ടിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത് തന്നെ. എന്നാൽ വൈകുന്നേരം വീട്ടിലേക്ക് സന്തോഷത്തോടെയാണ് വന്നു കയറിയത്. മൺസൂൺ ബംബർ ലോട്ടറി അടിച്ച 11 പേരിൽ ഒരാളാണ് ലീല. നാലു പെൺമക്കളുള്ള ലീല കുടുംബം നോക്കാനായി വളരെയധികം കഷ്ടപ്പാടോടുകൂടിയാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. ഭാഗ്യദേവത കനിഞ്ഞ മറ്റൊരാളായ ലക്ഷ്മിയുടെ വീട്ടിൽ ഇന്നലെ ചോറ് വെക്കാൻ കൂടി അരിയില്ലായിരുന്നു.
തനിക്ക് ഇന്നത്തേക്കുള്ള ചോറുകൂടി എടുക്കണേ എന്ന് കൂട്ടുകാരിയോട് പറഞ്ഞിട്ടാണ് ലക്ഷ്മി ജോലിക്ക് എത്തിയത്. മറ്റൊരാള് പി. ചന്ദ്രികയാണ്. കാലിൻറെ ബലക്ഷയം കാരണം ഒരു മാസം പണിയെടുക്കാതെ വീട്ടിലിരുന്നതാണ് ചന്ദ്രിക. അവധി അവസാനിപ്പിച്ചു വന്ന ദിവസമാണ് ലോട്ടറി എടുത്തത്. ഇത്രയധികം ബുദ്ധിമുട്ടിലൂടെ മുന്നോട്ടുപോകുന്ന ഇവരുടെ ഈ 11 വീടുകളിലേക്ക് ആണ് ഭാഗ്യദേവത കടന്നുവന്നിരിക്കുന്നത്. ഞങ്ങളുടെ എല്ലാ ഭാഗ്യങ്ങൾക്കും കാരണം ഹരിത കർമ്മ സേനയാണെന്നും ലോട്ടറി അടിച്ചെങ്കിലും ഞങ്ങൾ ഈ ജോലി തുടരുമെന്നും ലക്ഷാധിപതികളിലായി മാറിയവർ ഒരേ സ്വരത്തിൽ പറയുന്നു
