ലോൺ ആപ്പുകളിൽ നിന്ന് ഭീഷണിയുണ്ടോ? ഏതു സമയത്തും വിളിച്ച് പരാതി നൽകാം; വാട്സാപ്പ് നമ്പരുമായി കേരള പോലീസ്
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത വായ്പാ ആപ്പുകൾ സജീവമായ സാഹചര്യത്തിൽ പരാതി നൽകാനുള്ള സംവിധാനവുമായി കേരള പോലീസ്. അനധികൃത വായ്പാ ആപ്പുകൾ ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാൻ വൈകിയതുമൂലം ഭീഷണിയുണ്ടെങ്കിൽ ഇനി മുതൽ ഏതു സമയത്തും പോലീസിനെ വിളിച്ചു പരാതിപ്പെടാം.
അനധികൃത വായ്പാ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുത്ത് തട്ടിപ്പിനിരയായവർക്കായി പരാതിപ്പെടാൻ പ്രത്യേക വാട്‌സ്ആപ്പ് നമ്പർ സംവിധാനം ഏർപ്പെടുത്തി. വിവരങ്ങൾ കൈമാറുന്നതിന് 24 മണിക്കൂറും 9497980900 എന്ന നമ്പറിൽ വാട്‌സ്ആപ്പിൽ ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.
ടെക്‌സ്‌റ്റ്, ഫോട്ടോ, വീഡിയോ, വോയ്‌സ് എന്നിവയിലൂടെ മാത്രമേ പരാതി നൽകാനാകൂ. നേരിട്ട് വിളിക്കാൻ പറ്റില്ല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ്പ് ലൈനായ 1930 എന്ന നമ്പറിൽ എപ്പോൾ വേണമെങ്കിലും വിളിച്ച് പരാതികൾ അറിയിക്കാം.
