കൊല്ലം സുധിയുടെ വീട് എന്ന സ്വപ്നം പൂവണിയുന്നു; 7 സെൻറ് സ്ഥലം വീട് ഒരുക്കാൻ ഇഷ്ടദാനം നൽകി ബിഷപ്പ് നോബിൾ ഫിലിപ്പ്
അനുഗ്രഹീത കലാകാരനായ കൊല്ലം സുധിയുടെ വേർപാട് കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. ഇപ്പോഴിതാ സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നൽകിയിരിക്കുകയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. സുധിയുടെ രണ്ടു മക്കളായ ഋതുവിൻറെയും, രാഹുലിന്റെയും പേരിൽ ചങ്ങനാശേരിയിൽ 7 സെൻറ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിയുടെ കുടുംബത്തിന് രജിസ്ട്രേഷൻ ചെയ്തു നൽകിയത്.
കേരള ഹോം ഡിസൈൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് സുധിക്ക് ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സൗജന്യമായി വീട് പണിതു കൊടുക്കുന്നത്. എൻറെ കുടുംബ സ്വത്തിൽ നിന്നും ഏറ്റവും മനോഹരമായ ഒരു സ്ഥലമാണ് സുധിക്കായി ഞാൻ നൽകിയത്. എൻറെ വീട് പണിയുന്നതും ഇതിൻറെ തൊട്ടടുത്ത് തന്നെയാണ്. രജിസ്ട്രേഷൻ കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് ഇഷ്ടദാനം ആയി ഈ സ്ഥലം നൽകിയിരിക്കുന്നത്.
വീടുപണിയൊക്കെ ഉടനെ തുടങ്ങും. ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞു. ആംഗ്ലിക്കൻ സഭയുടെ ഡൈസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ 13മത്തെ മിഷനറിബിഷപ്പായി ആയി സേവനം ചെയ്യുകയാണ് അദ്ദേഹം. ഇതൊന്നും കാണാൻ സുധി ഇല്ലഎന്നതാണ് ഏറ്റവും വലിയ വിഷമം എന്നും ,സുധി ചേട്ടൻറെ സ്വപ്നമാണ് ഇവിടെ സഫലമാകുന്നതെന്നും ,സുധി മരിക്കുന്നതിന് തൊട്ടുമുൻപും പറഞ്ഞത് വീട് വയ്ക്കുന്ന കാര്യമാണ് എന്നും ,സുധി ചേട്ടൻറെ സാന്നിധ്യം ഇവിടെ ഉണ്ടെന്നും സുധിയുടെ ഭാര്യ രേണു പറയുന്നു.
