പെട്രോൾ പമ്പിലെ മികച്ച ജീവനക്കാരനായി വിശ്വാസം പിടിച്ചുപറ്റി; തുടർന്ന് 1.5 ലക്ഷം രൂപയുമായി അസം സ്വദേശി മുങ്ങി
കോട്ടയം ഗാന്ധിനഗറിലെ പെട്രോൾ പമ്പിൽ മികച്ച ജീവനക്കാരനുള്ള അംഗീകാരം നേടിയ ഇതര സംസ്ഥാന തൊഴിലാളി ഒന്നര ലക്ഷം രൂപയുമായി മുങ്ങി. വിശ്വസ്തനായ ജീവനക്കാരനായി നിന്ന് മാനേജ്‌മെന്റിനെയും സഹപ്രവർത്തകരെയും പറ്റിച്ചാണ് പണവുമായി കടന്നു കളഞ്ഞത്. അസം സ്വദേശി റഷീദ് (22) ആണ് ഇന്ന് രാവിലെ പണവുമായി മുങ്ങിയത്.
പെട്രോൾ പമ്പിലെ എംപ്ലോയി ഓഫ് ദ മന്ത് എന്ന അംഗീകാരം ഈ അടുത്താണ് ഇയാൾക്ക് ലഭിച്ചത്. മൂന്ന് മാസത്തിനുള്ളിൽ പി.സി ചെറിയാൻ ആൻഡ് കോ പെട്രോൾ പമ്പിലെ മാനേജ്മെന്റിന്റെയും സഹപ്രവർത്തകരുടെയും വിശ്വസ്തനായി മാറി. മികച്ച ജോലിക്കാരനെന്ന് പേരെടുത്തതിന് പിന്നാലെയാണ് കവർച്ച നടത്തി മുങ്ങിയത്. പമ്പിലെ കളക്ഷൻ തുകയായി കിട്ടിയ ഒന്നര ലക്ഷം രൂപയാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്.
പമ്പിനോട് ചേർന്നുള്ള മുറിയിലാണ് റഷീദ് താമസിച്ചിരുന്നത്. എല്ലാ ദിവസവും രാവിലെ എല്ലാവരും എത്തുന്നതിന് മുമ്പ് റഷീദ് ജോലിക്ക് തയ്യാറായിക്കഴിഞ്ഞിരുന്നു. സൂപ്പർവൈസർ എത്തി ഓഫീസ് മുറി തുറന്ന ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ എടുത്ത് ചായ കുടിക്കാനെന്ന വ്യാജേന പുറത്തിറങ്ങി മുങ്ങുകയായിരുന്നു.
