ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന് സ്ഥലംമാറ്റപ്പെട്ട സീനിയർ നഴ്‌സിംഗ് ഓഫീസർ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യാൻ അനുവദിച്ചില്ല. അനിത മെഡിക്കൽ കോളേജിലെ സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സർക്കാർ ഇതിനെതിരെ അനുകൂല തീരുമാനമെടുത്തത്. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പ്രതികരിച്ചു.
ഐസിയു പീഡനക്കേസിൽ അതിജീവിതക്ക് അനുകൂലമായി മൊഴി നൽകിയ കാരണത്തിലാണ് അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെയാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരാനുള്ള ഉത്തരവ് കിട്ടി. എന്നാല്‍, കോടതി ഉത്തരവുമായി എത്തിയിട്ടും അനിതയെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. സെക്രട്ടേറിയറ്റില്‍നിന്നുള്ള ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതോടെ അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പിലിന്റെ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചു.