വാരപ്പെട്ടിയിലെ വാഴ കൃഷി കെഎസ്ഇബി ജീവനക്കാർ വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം നഷ്ട്ടപരിഹാരം നൽകി

കോതമംഗലത്ത് വാരപ്പെട്ടിയിലെ കർഷകനായ തോമസിന്റെ വാഴത്തോട്ടം കെഎസ്ഇബി ജീവനക്കാർ വെട്ടി നശിപ്പിച്ച സംഭവത്തിൽ മൂന്നര ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകി. ആൻറണി ജോൺ എംഎൽഎ നേരിട്ടെത്തിയാണ് തോമസിന് തുക കൈമാറിയത്. നഷ്ടപരിഹാരം ലഭിച്ചതിൽ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നായിരുന്നു തോമസിനെ പ്രതികരണം.

വാഴ വെട്ടി നശിപ്പിച്ച സംഭവത്തിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് അദ്ദേഹത്തിന് ഉണ്ടായത്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് അർഹമായ സാമ്പത്തിക സഹായം അദ്ദേഹത്തിന് നൽകാനും അത് കെഎസ്ഇബി തന്നെ നൽകണമെന്നുള്ള നിർദ്ദേശവും ഉയർന്നുവരികയായിരുന്നുവെന്നും എംഎൽഎ പറഞ്ഞു. കോതമംഗലം കണ്ടമ്പാറ ഇറിഗേഷന് സമീപത്ത് കാവും പുറത്തു തോമസിന്റെ അര ഏക്കറിലെ വാഴകൃഷിയിലെ വാഴയില ലൈനിൽ മുട്ടിയെന്ന് ആരോപിച്ചായിരുന്നു അധികൃതർ വെട്ടി നശിപ്പിച്ചത്.

220 കെവി ലൈനിനു താഴെ കൃഷിചെയ്തിരുന്ന 9മാസം പ്രായമായ 406 ഏത്ത വാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി ജീവനക്കാർ വെട്ടി നശിപ്പിച്ചത്. ഓണത്തിനുള്ള വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. വാർത്ത പുറത്തുവന്നതോടെയാണ് സർക്കാർ ഇടപെട്ടത്.

വാഴ വെട്ടി നശിപ്പിക്കുന്നതിന് മുന്നോടിയായി കർഷകനെ നേരത്തെ അറിയിക്കുന്നതിൽ വീഴ്ച പറ്റി എന്നും, ഇപ്പോൾ ശരിയും തെറ്റും ഒന്നും ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും തോമസിന് ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതെന്നും ആൻറണി ജോൺ വ്യക്തമാക്കി. ഈ കർഷകദിനത്തിൽ സാധാരണ കർഷകന് ലഭിക്കുന്ന അംഗീകാരമായിട്ടാണ് ഇക്കാര്യത്തെ കാണുന്നതെന്നും തോമസിന്റെ മകനായ അനീഷ് പറഞ്ഞു.

Prime Reel News

Similar Posts