വിവാഹ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കെഎസ്ഇബി സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കെഎസ്ഇബി സർവീസ് വയർ കഴുത്തിൽ കുരുങ്ങി തൃശൂരിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് വരവൂർ സ്വദേശി രമേശിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കുന്നംകുളം വെള്ളറക്കാട് മനപ്പടിയിൽ സഹോദരൻ രാഗേഷിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രമേഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
17ന് രാത്രി 9 മണിയോടെയാണ് അപകടം. വിവാഹത്തിനുള്ള സാധനങ്ങൾ വാങ്ങാനാണ് ഇരുവരും ബൈക്കിൽ പോയത്. രമേഷ് തന്നെയാണ് ബൈക്ക് ഓടിച്ചിരുന്നത്. കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക്കൽ പോസ്റ്റിൽ നിന്ന് സമീപത്തെ വീട്ടിലേക്കുള്ള കണക്ഷൻ വലിക്കാനുള്ള കേബിളിന്റെ വയർ പൊട്ടി. ഈ വയർ രമേശിന്റെ കഴുത്തിൽ കുടുങ്ങി. യുവാവിന് ഗുരുതരമായി പരിക്കേറ്റു.
ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായാണ് അന്തിമ വിവരം. അനാസ്ഥ കാട്ടിയ അധികൃതർക്കെതിരെ നടപടി വേണമെന്നാണ് ഇപ്പോൾ കുടുംബം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
