ഒരേ സീറ്റിൽ ഇരുന്ന് പെൺസുഹൃത്തിനൊപ്പം യാത്ര ചെയ്ത യുവാവിനെ കണ്ടക്ടർ ടിക്കറ്റ് മെഷീൻ കൊണ്ട് മർദ്ദിച്ചു; കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി
തിരുവനന്തപുരം കാട്ടാക്കടയിൽ ബസ്സിനുള്ളിൽ ബാലരാമപുരം സ്വദേശിയായ യുവാവിനെ മർദ്ദിച്ച കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. വെള്ളറട ഡിപ്പോയിലെ സുരേഷ് കുമാറിനെയാണ് കെഎസ്ആർടിസി സസ്പെൻഡ് ചെയ്തത്. സുരേഷിന്റെ ഭാഗത്തുനിന്നും ഗുരുതരമായ നിയമലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സുരേഷിനെ സസ്പെൻഡ് ചെയ്തത്.
ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഹൃദിക് കൃഷ്ണയാണ് സുരേഷ് കുമാർ ടിക്കറ്റ് മെഷീൻ കൊണ്ട് തലയ്ക്കടിച്ചത് . ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിൽ എത്തിയ ബസ്സിൽ ഹൃദിക്ക്കും പെൺ സുഹൃത്തും ഒരേ സീറ്റിൽ ഇരിക്കുകയായിരുന്നു. യുവാവ് ബസ്സിൽ കയറിയപ്പോൾ മുതൽ സുരേഷ് കുമാർ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് പറയുന്നു.
ബസ് കാട്ടാക്കടയിലെത്തിയപ്പോൾ സുരേഷ് മോശമായി സംസാരിക്കുകയും ഷട്ടിൽ പിടിച്ചു തള്ളുകയും ചെയ്തു. ശേഷം ടിക്കറ്റ് മെഷീൻ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. തുടർന്ന് യുവാവിന്റെ പരാതിയിൽ കാട്ടാക്കട പോലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
ബസ്സിൽ കയറാനായി എത്തിയ മറ്റൊരു വ്യക്തി പകർത്തി പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സുരേഷ് കുമാറിനെതിരെ ഇതിനുമുൻപും പല പരാതികളും ഉയർന്നിരുന്നു. യാത്രക്കാരോട് അപമര്യാതയായി പെരുമാറിയതിന് കെഎസ്ആർടിസി ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
