കഞ്ഞി വെച്ച് കൊടുത്തില്ലെന്ന് ആരോപണം; കാപ്പി വടി കൊണ്ട് അടിച്ച്, നെഞ്ചിൽ ചവിട്ടി ഭാര്യയെ കൊലപ്പെടുത്തി
കഞ്ഞി വെച്ച് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും പിഴയും വിധിച്ച് കോടതി. നൂൽപ്പുഴ ചീരാൽ വെണ്ടോല പണിയ കോളനിയിലെ വി.ആർ കുട്ടപ്പന് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷയ്‌ക്കുമാണ് വിധിച്ചത്. പിഴ അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഞ്ച് വർഷം അധിക കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.
2022 ഏപ്രിൽ ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടപ്പൻ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കഞ്ഞി വെച്ച് കൊടുത്തില്ലായെന്ന കാരണം പറഞ്ഞാണ് ഭാര്യ സീതയുമായി വഴക്ക് ആരംഭിച്ചത്. തുടർന്ന് സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചു. പിന്നീട് രാത്രി കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പൻ നെഞ്ചിൽ ചവിട്ടി. നെഞ്ചിൻകൂട് തകർന്ന് ഹൃദയത്തിലെ പെരികാർഡിയം സാക്കിൽ രക്തം തളം കെട്ടിയാണ് സീത മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
