വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; മല്ലു ട്രാവലർ വിദേശത്ത് നിന്ന് വരാൻ കൂട്ടാക്കുന്നില്ലെന്ന് പോലീസ്
ലൈംഗികാതിക്രമ പരാതിയിൽ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്കൗട്ട് നോട്ടീസ്. വിദേശത്ത് നിന്ന് ഷാക്കിർ നാട്ടിലേക്ക് വരാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി യുവതിയുടെ പരാതിയിൽ മല്ലു ട്രാവെല്ലർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
സെപ്തംബർ 13 ന് എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. ഷാക്കിർ സുബാൻ ഹോട്ടലിൽ വെച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. യുവതി ഏറെ നാളായി കൊച്ചിയിൽ താമസിക്കുന്നുണ്ടെന്നും അഭിമുഖത്തിനായി ഷാക്കിറിന്റെ മുറിയിൽ എത്തിയെന്നും പരാതിയിൽ പറയുന്നു.
പ്രതിശ്രുതവരനോടൊപ്പമാണ് യുവതി ഹോട്ടലിലെത്തിയത്. യുവാവ് മറ്റൊരു ആവശ്യത്തിന് പുറത്തുപോയപ്പോൾ ഷാക്കിർ കടന്നുപിടിക്കാൻ ശ്രമിച്ചതായി സൗദി യുവതി പരാതിയിൽ ആരോപിക്കുന്നു. തനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിക്കാരിയുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
ഷാക്കിർ സുബ്ഹാനെതിരായ നടപടി വൈകുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതി വിദേശത്താണെന്നും ഉടൻ നാട്ടിലേക്ക് മടങ്ങില്ലെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു. ഷാക്കിർ സുബാനെ വന്നശേഷം ചോദ്യം ചെയ്യാൻ വിളിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. വിദേശത്തായിരിക്കെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
