കൂലിപ്പണിയെടുത്ത് സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ 29 സെന്റ് ഭൂമി വീടില്ലാത്ത കുടുംബങ്ങൾക്കു വീതിച്ചു നൽകി കുഞ്ഞാലിക്കുട്ടി
സ്വന്തമായി കൂലിപണിയെടുത്തു അധ്വാനിച്ചുണ്ടാക്കിയ 29 സെന്റ് ഭൂമി വീടില്ലാത്ത പതിനൊന്നു കുടുംബങ്ങൾക്ക് വീതിച്ചു നൽകിയിരിക്കുകയാണ് മലപ്പുറം ചെട്ടിപ്പടി സ്വദേശിയായ കുഞ്ഞാലികുട്ടി. വീടിനും വഴിക്കുമായാണ് അദ്ദേഹം തന്റെ ഭൂമി കൈമാറി മാതൃകയായത്.
കുടുംബത്തിലെ അംഗങ്ങളുടെ സമ്മതത്തോടെയാണ് കുഞ്ഞാലികുട്ടി ആലുങ്ങൽ ബീച്ചിനടുത്തുള്ള 29 സെന്റ് ഭൂമി ഇഷ്ടദാനം നൽകിയത്. 24 സെന്റ് വീടിനെയും 5 സെന്റ് റോഡിനായും വീതിച്ചു നൽകി. പരപ്പങ്ങാടി നഗര സഭയിൽ നിന്നും വീടും ഭൂമിയും ഇല്ലാത്തവരുടെ ലൈഫ്, PMAY ഗുണഭോക്ത്യ പട്ടികയിൽ നിന്നും 6 പേരെയും ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകാതിരുന്ന വിധവക്കും 4 മക്കളടങ്ങുന്ന ഒരു കുടുംബത്തിനും ഒരു വൃക്ക രോഗിയുടെ കുടുംബത്തിനെയാണ് തിരഞ്ഞെടുത്തത്.
ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് അർഹമായ ഭൂമി ഓരോരുത്തർക്കും വീതിച്ചു നൽകിയത്. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ഇമ്പിച്ചി സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് എം പി കുഞ്ഞിമരക്കാർ, സെക്രട്ടറി എ പി ശറഫുദ്ധീൻ, ട്രഷറർ കെ സി മുഹമ്മദ് കോയ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി അളന്നു കൈമാറിയത്. കുഞ്ഞാലിക്കുട്ടി എ കെ ജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും അഭയം സാന്ത്വന പരിചരണ സംഘടനയുടെയും വൈസ് പ്രസിഡണ്ടും വളണ്ടിയറുമാണ്.
