ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയറുമായി മമ്മൂട്ടി; വിതരണം മലപ്പുറത്തും; സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവഹിച്ചിരുന്നു

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഭിന്നശേഷിക്കാർക്കായി ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യുന്നു. പ്രമുഖ ഐടി കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ സഹായത്തോടെയുള്ള ഇലക്ട്രിക് വീൽ ചെയറുകളുടെ വിതരണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിച്ചു.

പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മലപ്പുറം ജില്ലയിലെ പത്തോളം ഭിന്നശേഷിക്കാർക്ക് വൈദ്യുത വീൽചെയറുകൾ വിതരണം ചെയ്തു.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി നേരത്തെ കൊച്ചിയിൽ നിർവഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിൽ ചടങ്ങ് സംഘടിപ്പിച്ചത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിനാകെ പ്രയോജനം ചെയ്യുന്നുണ്ടെന്നും അത് ഏറെ സന്തോഷം നൽകുന്നതായും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, വാഹിദ് മാവുങ്കൽ, പ്രോജക്ട് ഓഫീസർ അജ്മൽ ചക്കരപ്പാടം എന്നിവർ സംസാരിച്ചു.

കെയർ ആൻഡ് ഷെയറിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷമീർ വളാഞ്ചേരി, സെക്രട്ടറി ഷമീർ മാഞ്ചേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Prime Reel News

Similar Posts