പൈസ കടം നൽകാത്തതിൽ സുഹൃത്തിനെ കൊ, ലപ്പെടുത്തി; സ്വർണ മോതിരം തട്ടിയെടുത്ത 67 കാരൻ അറസ്റ്റിൽ
സ്വർണമാലയും മോതിരവും കൈക്കലാക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി വെള്ളകെട്ടിൽ തള്ളിയ 67കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് തുലാംപറമ്പ് സ്വദേശി ഗോപാലകൃഷ്ണൻ (67) ആണ് അറസ്റ്റിലായത്. തുലാംപറമ്പ് സ്വദേശി പുത്തൻപുരയ്ക്കൽ ചന്ദ്രൻ (70) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് ചന്ദ്രനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ വെട്ടുവേലി ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ നിന്ന് ചന്ദ്രന്റെ മൃ, തദേഹം കണ്ടെത്തുകയായിരുന്നു. കാൽ തെറ്റി വെള്ളത്തിൽ വീണു മുങ്ങിമരിച്ചതായാണ് ആദ്യം കരുതിയത്. തലയ്ക്ക് പരിക്കേറ്റിരുന്നു. വീഴ്‌ചയ്‌ക്കിടെ കല്ലിൽ തട്ടിയതാകാം മുറിവേറ്റതെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പോലീസിനെ അറിയിച്ചു.
മൃ, തദേഹം കണ്ടെത്തിയ തോട്ടിൽ നിന്ന് മുപ്പത് മീറ്റർ മാറി ചന്ദ്രന്റെ സൈക്കിൾ കണ്ടെത്തി. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പോലീസിന് സംശയം തോന്നിയതിനെ തുടർന്ന് കായംകുളം ഡിവൈഎസ്പി കേസ് അന്വേഷിച്ചു. ചന്ദ്രൻ ഒരു വീട്ടിലേക്ക് പോകുന്നതിന്റെ അവ്യക്തമായ ചിത്രം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് ലഭിച്ചു. എന്നാൽ വീട്ടിൽ നിന്ന് മടങ്ങുന്ന ദൃശ്യങ്ങളിൽ ഇയാളെ കാണാനില്ലായിരുന്നു.
തുടർന്ന് ഗോപാലകൃഷ്ണനെ പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. അതിനിടെ ബന്ധുവിന്റെ സഹായത്തോടെ ഗോപാലകൃഷ്ണൻ ചന്ദ്രന്റെ മോതിരം ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ചന്ദ്രനും ഗോപാലകൃഷ്ണനും സുഹൃത്തുക്കളായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഗോപാലകൃഷ്ണൻ ചന്ദ്രനോട് പണം ആവശ്യപ്പെട്ടു. എന്നാൽ ചന്ദ്രൻ നൽകാൻ തയ്യാറായില്ല. ഇതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
