പൊറോട്ടയും ബീഫും കടം നൽകിയില്ല; പറ്റ് തീർക്കാൻ ഹോട്ടലുടമ; ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട് യുവാവിന്റെ പ്രതികാരം
എഴുകോണിൽ പൊറോട്ടയും ബീഫ് കറിയും കടം നൽകാത്തതിനെ തുടർന്ന് ഭക്ഷണ സാധനങ്ങളിൽ മണ്ണു വാരിയിട്ടു. പൊരീക്കൽ സ്വദേശികളായ രാധ മകൻ തങ്കപ്പൻ എന്നിവർ നടത്തുന്ന എഴുകോൺ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം. പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടലിൽ എത്തിയ പരുത്തുംപാറ സ്വദേശിയായ അനന്തു, പൊറോട്ടയും ബീഫും കടം നൽകാൻ ആവശ്യപ്പെട്ടു. കൂടാതെ മുൻപ് ഇയാൾ ഇവിടെ നിന്ന് കഴിച്ച ആഹാരത്തിന്റെ പണം കൂടി ആവശ്യപ്പെട്ടതോടെ പ്രകോപിതനായ പ്രതി ഹോട്ടലിലെ പൊറോട്ടയിലും ബീഫ് കറിയിലും മണ്ണ് വാരിയിടുകയായിരുന്നു.
പ്രദേശത്തെ വ്യാപാരികൾ സംഭവം സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി. കട ഉടമയുടെ പരാതിയിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതിക്രമം നടത്തിയ അനന്തു.
