കിണറ്റിൽ നിന്നും കുടിവെള്ളത്തിന് പകരം കോരിയെടുക്കുന്നത് ലിറ്റർ കണക്കിന് പെട്രോൾ; അമ്പരപ്പിൽ നാട്ടുകാർ
കിണറിൽ നിന്നും വെള്ളത്തിന് പകരം പെട്രോൾ കിട്ടുമോ? എങ്കിൽ ഇതാ കിണറിൽ നിന്നും ലിറ്റർ കണക്കിന് പെട്രോൾ ആണ് കോരിയെടുക്കുന്നത്. വെഞ്ഞാറമൂട് ആലന്തറ സുമ ഭവനിൽ കെ സുകുമാരന്റെ വീട്ടിലെ കിണറ്റിൽ ആണ് വെള്ളത്തിന് പകരം പെട്രോൾ നിറയുന്നത്.
രണ്ടാഴ്ചയോളമായി കിണറിലെ വെള്ളത്തിന് രുചി വ്യത്യാസം ഉണ്ടായിരുന്നു. ഇതിനാൽ വീട്ടിലെ ആവശ്യത്തിന് പൈപ്പ് വെള്ളം ആണ് ഉപയോഗിച്ചിരുന്നത്. കിണറ്റിൽ നിന്നും രണ്ടു ദിവസം മുൻപ് പെട്രോളിന്റെ ഗന്ധം പുറത്തുവന്നു. ഇവരുടെ വീടിൻറെ എതിർവശത്തായി 300 മീറ്റർ മാറി സമീപത്തായി ഒരു പെട്രോൾ പമ്പ് ഉണ്ട്.
കിണറ്റിലെ വെള്ളത്തിന് പെട്രോളിന് മണമുണ്ടെന്ന് പമ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം കണ്ടുവെന്നും വീട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം മുതലാണ് വെള്ളത്തിന് പെട്രോളിന്റെ നിറം കണ്ടതെന്ന് വീട്ടുകാർ പറയുന്നു. കിണറിൽ നിന്നും ഇപ്പോൾ പൂർണ്ണനിറവും, മണവും ഉള്ള പെട്രോൾ തന്നെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്നലെ പമ്പ് അധികൃതരെത്തി കിണർ കിണർ അടച്ചിട്ടു. കുടുംബത്തിന് ശുദ്ധജലം ഉപയോഗിക്കാനായുള്ള നടപടികൾ സ്വീകരിച്ചു. പെട്രോൾ പമ്പിന് എതിർവശത്ത് എം സി റോഡിന് കുറുകെ പെട്രോൾ എങ്ങനെ കിണറ്റിൽ ഒഴുകിയെത്തിഎന്ന് വിദഗ്ധർ എത്തി പരിശോധന ആരംഭിച്ചു.
