മദ്യക്കുപ്പിയിൽ കോള നിറച്ച് വിൽപ്പന; കൊല്ലത്ത് യുവാവ് നാട്ടുകാരുടെ വലയിൽ
മദ്യക്കുപ്പിയിൽ കോള നിറച്ചു വില്പന നടത്തിയ ആളെ നാട്ടുകാർ പിടികൂടി. ചങ്ങൻകുളങ്ങര സ്വദേശി സതീഷ് കുമാറാണ് അറസ്റ്റിലായത്. ബാറുകളിലും ബിവറേജുകളിലും മദ്യം വാങ്ങാനെത്തിയവരെയാണ് സതീഷ് വഞ്ചിച്ചത്.
മദ്യക്കുപ്പിയിൽ കോള നിറച്ച് മദ്യം വാങ്ങാനെത്തുന്നവരോട് കയ്യിൽ മദ്യമുണ്ടെന്നും കുറഞ്ഞ വിലയ്ക്ക് നൽകാമെന്നും പറഞ്ഞ് വിൽക്കുന്നതാണ് ഇയാളുടെ രീതി. ബിവറേജസ് ഷോപ്പിൽ വൻ ക്യൂവുണ്ടായ രാത്രിയിലും മദ്യത്തിന്റെ മറവിൽ കോള വിൽപന നടത്തിയിരുന്നു. പിന്നീട് നാട്ടുകാരും ബിവറേജസ് ജീവനക്കാരും ചേർന്ന് ഇയാളെ പിടികൂടി.
മദ്യം വാങ്ങിയവർ ഉപഭോഗത്തിനായി എടുത്തപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് തട്ടിപ്പ് അറിഞ്ഞത്. സമാന രീതിയിൽ വീണ്ടും മദ്യക്കുപ്പിയിൽ കോള നിറച്ച് കബളിപ്പിക്കുന്നതിനിടെയിലാണ് പിടിയിലായത്. പ്രതിയെ ഓച്ചിറ പോലീസിന് കൈമാറി.
