ഇനി മൈസൂർ ജംഗ്‌ഷനല്ല മിന്നുമണി ജംഗ്ഷന്‍; മിന്നു മണിയ്ക്ക് ജന്മനാടിന്‍റെ ആദരം
Mananthavady Mysuru road junction in Wayanad has been named after the Malayali cricketer Minnu Mani: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ മലയാളി വനിതാ താരം മിന്നു മണിയെ ജന്മനാട് ആദരിച്ചു. മാനന്തവാടി-മൈസൂർ റോഡ് ജംക്‌ഷനെ ‘മിന്നു മണി ജംക്‌ഷൻ’ എന്ന് നഗരസഭ പുനർനാമകരണം ചെയ്തു. ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസ് മാനന്തവാടി മുനിസിപ്പാലിറ്റി പുനർനാമകരണം ചെയ്ത ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വനിതാ പ്രീമിയർ ലീഗിലെ ഡൽഹിയുടെ പ്രധാന താരം കൂടിയാണ് മിന്നു മണി.
കേരളത്തിന്റെ കായിക ചരിത്രത്തിൽ സുപ്രധാന നേട്ടങ്ങൾ കൈവരിച്ച മിന്നുവിനുള്ള ആദരസൂചകമായി മൈസൂർ റോഡ് ജംക്‌ഷന് മിന്നുമണി എന്ന് പേരിടാൻ മാനന്തവാടി നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി.കെ. രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നാമകരണ ചടങ്ങ് നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മാനന്തവാടി പൗരാവലി നല്‍കിയ സ്വീകരണത്തിലും താരം പങ്കെടുത്തിരുന്നു.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ മിന്നു മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തുകയും വിക്കറ്റ് വീഴ്ത്തുന്നതിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
