അന്ന് താൻ നേരിട്ട ജാതി വിവേചനത്തിനെതിരെ ആ വേദിയിൽ തന്നെ അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു, തറയിൽ വച്ച വിളക്ക് എടുത്ത് കൊളുത്താതെ അദ്ദേഹം അതിനെതിരെ പ്രതികരിച്ചു, പ്രതിഷേധിച്ചു

മന്ത്രിയുടെ ക്ഷേത്രത്തിലെ അയിത്തമാണല്ലോ ഇപ്പോഴത്തെ സംസാര വിഷയം ഇതിൽ പ്രതികരിച്ചുകൊണ്ട് കുറിപ്പെഴുതിയിരിക്കുകയാണ് അഞ്ചു പാർവതി. കുറിപ്പ് വായിക്കാം.

ദേവസ്വം മന്ത്രി നേരിട്ട വിവേചനമാണല്ലോ നിലവിലെ സംസാര വിഷയം. ആ വീഡിയോ ഇന്ന് കണ്ടിരുന്നു. ഞാൻ ആദ്യം കരുതിയത് പോലെ സംഭവം നടന്നത് ശ്രീ കോവിലിനു മുന്നിൽ അല്ല, മറിച്ച് ക്ഷേത്രത്തിൽ നടന്ന ഏതോ ചടങ്ങുമായി ബന്ധപ്പെട്ട ഉദ്ഘാടന വേദിയിലാണ്. അവിടെ അദ്ദേഹം പറഞ്ഞത് പോലെ സംഭവം നടന്നിട്ടുണ്ട്. ഇപ്പോൾ അതിനെതിരെ കേസും എടുത്തിട്ടുണ്ട്. ഈ ക്ഷേത്രം ദേവസ്വത്തിന്റെ കീഴിൽ വരുന്ന ക്ഷേത്രമാണ്. ആ പൂജാരിമാർ എന്തിന് അങ്ങനെ ചെയ്തുവെന്ന് അവർ തന്നെ വെളിപ്പെടുത്തട്ടെ!!

സംഭവം നടന്നിട്ട് ഏഴ് മാസത്തോളമായി. അന്ന് താൻ നേരിട്ട ജാതി വിവേചനത്തിനെതിരെ ആ വേദിയിൽ തന്നെ അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു. തറയിൽ വച്ച വിളക്ക് എടുത്ത് കൊളുത്താതെ അദ്ദേഹം അതിനെതിരെ പ്രതികരിച്ചു, പ്രതിഷേധിച്ചു. തീർത്തും അഭിനന്ദർഹം തന്നെ!! പക്ഷേ അന്ന് അങ്ങനെ ഒരു സംഭവം നടന്നിട്ടും അത് ആരും വാർത്തയാക്കിയില്ല. പുറം ലോകം അറിഞ്ഞുമില്ല.

എന്തായിരിക്കും കാരണം? ഒന്നാമത് ക്ഷേത്രം ദേവസ്വം വക. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സഖാക്കന്മാരുടെ തട്ടകമായ കണ്ണൂരിലെ പയ്യന്നൂരിൽ! അപ്പോൾ അത് ചർച്ചയായാൽ സഖാക്കന്മാരുടെ തട്ടകത്തിൽ, അവരുടെ സ്വന്തം ദേവസ്വം ക്ഷേത്രത്തിൽ മന്ത്രിക്ക് പോലും രക്ഷ ഇല്ലാത്ത തരം ജാതീയത ഉണ്ടെന്ന് പ്രബുദ്ധ സഖാക്കൾക്ക് സമ്മതിക്കേണ്ടി വരും. അതുകൊണ്ട് മന്ത്രിയും ആ സംഭവത്തിന് സാക്ഷിയായ കമ്മ്യൂണിസ്റ്റ് MLA സഖാവ് മധുസൂദനനും ആ അപമാനത്തെ കണ്ടില്ലെന്ന് നടിച്ചു. പൂജാരിമാരോട് അന്ന് നല്ലവരായ സഖാക്കൾ ക്ഷമിച്ചു!! ഉള്ളിൽ പൊട്ടി വന്ന ബ്രാഹ്മണിക്കൽ ഹെജിമണിയെ അമർത്തി വച്ചു.!!

ഏഴ് മാസം കഴിഞ്ഞു. ഇ ഡി തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളിൽ റെയ്ഡ് നടത്തി. സംഭവം വൻ ചർച്ചയായി. ഉന്നതന്മാർ പിടിക്കപ്പെടും എന്ന നിലയിലായി. അപ്പോൾ അതാ,
ഇത്രയും നാൾ ബഹുമാന്യനായ മന്ത്രിയുടെ മനസ്സിനെ അലട്ടിയ ആ ജാതി വിവേചനം അണപ്പൊട്ടി. ഒപ്പം സഖാക്കളുടെയും!! കൃത്യം ടൈമിംഗ്!! ജാതി ഉള്ളിടത്താണ് ജാതീയതയും ജാതി വിവേചനവും വരുന്നത്.

അങ്ങനെങ്കിൽ മൊത്തത്തിൽ ഈ ജാതി ചിന്ത വേണ്ടെന്ന് വച്ചാലോ? ജനാധിപത്യത്തിൽ എന്തിന് സംവരണം അഥവാ സംവരണ മണ്ഡലങ്ങൾ? ചേലക്കര എന്ന സംവരണ മണ്ഡലത്തിൽ നിന്ന് അഞ്ച് വട്ടം ജനപ്രതിനിധിയായ സഖാവ് രാധാകൃഷ്ണന് അന്ന് ഈ ജാതീയത പറഞ്ഞു വോട്ട് ചോദിക്കാൻ വിഷമം തോന്നിയില്ലേ?? ജാതീയത ഇല്ലാതാക്കുകയല്ല ജാതീയത നിലനർത്തുകയാണ് സംവരണം ചെയ്യുന്നത്. പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവനാണ് യഥാർത്ഥ പുരോഗമനവാദി.

അവനാണ് യഥാർത്ഥ വിപ്ലവകാരി! ദ റിയൽ റിഫോർമർ!പക്ഷേ അത് ആരാണ്? ഇവിടെ സഖാക്കൾ എന്ന വേഷം കെട്ടിയാടുന്നവരാകട്ടെ നിത്യേന ജാതീയത നാലുനേരം കൂട്ടി മൃഷ്ടാന ഭോജനം നടത്തുന്നവരാണ്. അവർക്ക് സാമ്പത്തിക സംവരണമെന്ന ആശയത്തോട് എന്നും വാലായ്മയാണ്. ഏകീകൃത സിവിൽകോഡിനോട് വാലായ്മയാണ്. സ്വന്തം ഭൗതികലാഭങ്ങൾക്കെല്ലാം ജാതിസംവരണം വേണം താനും; എന്നാലോ ഉള്ളിലുള്ള അധമബോധത്തെ എടുത്ത് കളഞ്ഞ് ആത്മാഭിമാനമുള്ള മനുഷ്യരാവാൻ കഴിയുന്നുമില്ല. അതിന് ആരാണ് കുറ്റക്കാർ? എന്തായാലും ഈ വിഷയത്തിലെ നെല്ലും പതിരും പുറത്ത് വരട്ടെ!! എല്ലാ തരത്തിലുമുള്ള അസമത്വങ്ങൾ തുലയട്ടെ!!!

Prime Reel News

Similar Posts