മനസ്സിൽ പുഴുവരിച്ചവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും; സുരേഷ് ഗോപിയെ പിന്തുണച്ച് മഞ്ജുവാണി

സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകരുടെ പരാതിയിൽ നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം നടൻ സുരേഷ് ഗോപിയെ പിന്തുണച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വായിക്കാം.

 

‘‘സങ്കടകരം. കഷ്ടം. മനസ്സിൽ പുഴുവരിച്ചു വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും. ദുഃഖം തോന്നുന്നു. ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം. ചാനൽ പത്ര പ്രവർത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാൽ ആഭാസമാണെങ്കിൽ, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ.

 

രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുന്നത് മനസ്സിലാക്കാം. പത്രപ്രവർത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണവരുടെ രാഷ്ട്രീയം? വെറും രാഷ്ട്രീയ ദാരിദ്ര്യം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ അന്ന് ഇക്കൂട്ടരോട് പറഞ്ഞതേ എനിക്കും ഇപ്പോള്‍ പറയാനുള്ളൂ.

 

ഒരു പുരുഷൻ തെറ്റായ രീതിയിൽ ശരീരത്തിൽ തൊടുകയും, അത് സ്ത്രീ തിരിച്ചറിഞ്ഞു വളരെ ചെറിയ രീതിയിൽ പോലും പ്രതികരിച്ചാൽ തന്നെ ആ പ്രവൃത്തി ചെയ്ത പുരുഷൻ ഒന്ന് വിരളും. ഒരു സ്ത്രീ ആയത് കൊണ്ട് തന്നെയാണ് ഞാനീ പറയുന്നത്. ആ വിഡിയോയിൽ എവിടെയെങ്കിലും ഒരണുവിടെ അദ്ദേഹം ചൂളിയിട്ടുപോലുമുണ്ടോ? സ്ക്രീൻ ഷോട്ടുകൾ ഇട്ടിരിക്കുന്നത് അത് കാണുവാനാണ്.

 

വ്യക്തി ജീവിതം ഒരു തുറന്ന പുസ്തകമായിട്ടുള്ള സുരേഷ് ഗോപിയുടെ ശരീരഭാഷയിൽ വാത്സല്യം മാത്രമേ എനിക്ക് കാണാൻ സാധിച്ചിട്ടുള്ളു. അതും പിന്നിലൂടെ ഏതോ ഒരാൾ കയ്യിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും തമ്മിൽ താരതമ്യം ചെയ്തു ഉത്തരം പറയാൻ ഞാൻ അന്ധയായ രാഷ്ട്രീയ പ്രവർത്തകയല്ല. നമ്മളൊക്കെ ആദ്യം മനുഷ്യരാവാനാണ് പഠിക്കേണ്ടത്.’’–മഞ്ജുവാണി സമൂഹമാധ്യമത്തിൽ കുറിച്ചു.

Prime Reel News

Similar Posts