ഇസ്രായേല്‍ സേനയ്ക്കുള്ള യൂണിഫോം വിതരണം താൽകാലികമായി നിർത്തിവെച്ച് മരിയൻ അപ്പാരൽസ്
കണ്ണൂരിലെ മരിയ അപ്പാരൽസ് ഇസ്രയേൽ പോലീസിനുള്ള യൂണിഫോം വിതരണം താൽക്കാലികമായി നിർത്തിവച്ചു. ഫലസ്തീന് ജനതയ്ക്ക് നേരെയുള്ള ഇസ്രായേല് സേനയുടെ ആക്രമണത്തില് പ്രതിഷേധിക്കാനാണ് കമ്പനിയുടെ തീരുമാനം. സമാധാനം പുനസ്ഥാപിക്കുന്നതുവരെ പുതിയ ഉത്തരവുകൾ സ്വീകരിക്കില്ലെന്ന് മരിയ അപ്പാരൽസ് കമ്പനി എംഡി തോമസ് ഓലിക്കൽ പറഞ്ഞു.
‘വളരെ അപ്രതീക്ഷിതമായി അകത്ത് കയറി നിരപരാധികളെ കൊന്നൊടുക്കുകയാണ്. അതൊക്കെ ഏത് ഇസത്തിന്റെ പേരിലായാലും മനുഷ്യത്വമുള്ള ഒരുവ്യക്തി എന്ന നിലയില്‍ നമുക്ക് അംഗീകരിക്കാന്‍. മനഃസാക്ഷിക്ക് ഒപ്പം നില്‍ക്കുകയെന്ന പോളിസിക്കാരനാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ ഏത്ര നഷ്ടം വന്നാലും അത് സഹിക്കാന്‍ തയ്യാറാണ്’ തോമസ് പറയുന്നു. യുദ്ധം തുടങ്ങിയപ്പോള്‍ കൂടുതല്‍ യൂണിഫോമിന് ഓർഡർ വന്നിരുന്നു. എന്നാല്‍ കമ്പനിയുടെ നിലപാട് അവരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഇസ്രയേൽ പൊലീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പും നൽകിയിട്ടുണ്ട്.
യഥാർത്ഥത്തിൽ, ലോകമാകെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നതാണ് കൗതുകം. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രയേൽ പൊലീസിന് 2015 മുതൽ മരിയൻ അപ്പാരൽ യൂണിഫോം നൽകുന്നുണ്ടായിരുന്നു. പൂർണമായും എക്‌സ്‌പോർട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രയേൽ പൊലീസിനു മാത്രമല്ല ഫിലപ്പീൻ ആർമി, ഖത്തർ എയർഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നിൽ ഈ വസ്ത്ര നിർമാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.
മലയാളിയായ തോമസ് ഓലിക്കൽ നേതൃത്വം നൽകുന്ന കമ്പനി 2008 മുതൽ കണ്ണൂർ കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിർമിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീമും മരിയൻ അപ്പാരലിൽ ഉണ്ട്.
ഇന്ന് 1,500ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇവരിൽ ഭൂരിഭാഗവും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 95 ശതമാനം ജീവനക്കാരും വനിതകളാണ്. മികച്ച ടീം വർക്കിലൂടെ രാജ്യാന്തര നിലവാരത്തിൽ ഉൽപ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷൻ മാറുന്നതനുസരിച്ച് ഉൽപ്പാദനത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ല എന്നതിനാൽ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ല. 50-70 കോടി രൂപ വാർഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡിൽ ഈസ്റ്റിലെ പല സ്‌കൂളുകൾക്കും യൂണിഫോമുകൾ, ആശുപത്രികളിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള യൂണിഫോമുകൾ, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയർ ആൻഡ് റെസ്‌ക്യൂ വസ്ത്രങ്ങൾ, കോട്ടുകൾ തുടങ്ങിയവയും മരിയൻ ഉൽപാദിപ്പിക്കുന്നു.
