അയ്യപ്പൻ എന്നു പറഞ്ഞാൽ വലിയ ശക്തിയാണ്; ശബരിമലയിൽ വച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി എം.ജി ശ്രീകുമാർ

നാല് പതിറ്റാണ്ടായി മലയാളി ചേർത്ത് നിർത്തിയ ഗായകനാണ് എം ജി ശ്രീകുമാർ. മലയാള സിനിമാ പിന്നണി ഗാനരംഗത്ത് ഇത്രയേറെ വ്യത്യസ്തത സൃഷ്ടിച്ച മറ്റൊരു ഗായകനില്ല. അതുപോലെ എംജി ശ്രീകുമാർ ആലപിച്ച അയ്യപ്പഭക്തിഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തനിക്ക് ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും നൽകിയത് അയ്യപ്പസ്വാമിയാണെന്നാണ് എംജി ശ്രീകുമാർ ഇപ്പോൾ തുറന്ന് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് എംജി ശ്രീകുമാർ അയ്യപ്പഭക്തിഗാനങ്ങളെക്കുറിച്ചും അയ്യപ്പസ്വാമിയെക്കുറിച്ചും സംസാരിച്ചത്.

‘അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്ന് ഓർമ്മയില്ല. 1987ന് മുമ്പ് ഒരുപാട് പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്.’ദേവമുദ്ര എന്ന കാസറ്റിലാണ് ആദ്യമായി പത്ത് പാട്ടുകൾ പാടി ഇറക്കുന്നത്. അത് മുതൽ 2018 വരെ ഇറക്കിയ എല്ലാ ആൽബങ്ങളിലും പാടി. ശബരിമലയിൽ അങ്ങനെ ജാതിയോ മതമോ ഒന്നുമില്ല എല്ലാവർക്കും വരാം പോകാം. അർച്ചന കഴിക്കാം. എല്ലാത്തിനും പൊരുളാണ് അയ്യപ്പ സ്വാമി. കഠിനമാണ് മലകയറ്റം. പക്ഷെ അവിടെ പോയി വരുമ്പോൾ ഒരു ആത്മസംതൃപ്തിയാണ്. അവിടെ പോയി തിരികെ എത്തിയാൽ അടുത്ത മണ്ഡല കാലത്തിനായി നമ്മൾ കാത്തിരിക്കും’.

‘എനിക്ക് വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടെ . ഞാൻ ഇരുപത്തിരണ്ട് മല അടുപ്പിച്ച് ചവിട്ടിയ ആളാണ്. പണ്ടൊരിക്കൽ ഞാൻ ഓർക്കസ്ട്രയിലുള്ള കുറച്ച് ആളുകളും ഒക്കെയായി മുകളിലത്തെ മണ്ഡപത്തിൽ പോയിരുന്ന് ഭജനപാട്ടുകൾ ഒക്കെയും പാടിയ ഒരു കാലമുണ്ട്. ഒരിക്കൽ അവിടെ നിന്നും പാടി തിരികെ ഇറങ്ങിയപ്പോൾ 80 വയസായ ഒരു മനുഷ്യനെ കണ്ടു. ഒരു ചെറിയ തോർത്ത് മുണ്ടൊക്കെ ഉടുത്ത് തോളത്തും അതുപോലെ ഒരു മുണ്ട് ഒപ്പം ഇരുമുടികെട്ടും. അദ്ദേഹത്തിന് ഒട്ടും വയ്യ. ഇദ്ദേഹം ഒരു പടി മുന്നോട്ട് വെച്ചാൽ പുറകോട്ട് പോയി പോസ്റ്റിലേക്ക് ഇടിക്കുകയാണ് അത്രയും നടക്കാൻ വയ്യാത്ത ഒരാൾ. ഞങ്ങൾക്ക് പുള്ളിയുടെ ഭാഷയും മനസിലാകുന്നില്ല. പുള്ളിയെ അവിടെ ഇങ്ങനെ നിർത്തി പോരാനും തോന്നിയില്ല’.

‘ഞാൻ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു നമുക്ക് പുള്ളിയെ മാക്സിമം എത്തിക്കാമെന്ന്. ഞങ്ങൾ മാറി മാറി പുള്ളിയെ ചുമന്ന് പമ്പാ ഗണപതിയുടെ സമീപം വരെ എത്തിച്ചു. താഴെ എത്തുമ്പോഴേക്കും നമ്മൾ ആകെ തളർന്നു. അദ്ദേഹത്തെ ഒരു കലുങ്കിൽ ഇരുത്തി ഞങ്ങൾ കട്ടൻ ചായ കുടിക്കാൻ പോയി തിരികെ വന്ന് നോക്കുമ്പോൾ അയാളെ കാണാൻ ഇല്ല. അവിടെയൊക്കെ അയാളെ നോക്കി കാണാൻ ഇല്ല. എനിക്ക് സത്യം പറഞ്ഞാൽ തോന്നുന്നത് ചെറിയ ഒരു ടാസ്ക്ക് അയ്യപ്പൻ തന്ന പോലെയാണ്.’

‘ഈ സംഭവം കഴിഞ്ഞതിന്റെ അടുത്ത വർഷമാണ് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. അത് ഇതുമായി ബന്ധം ഇല്ലായിരിക്കാം. പക്ഷെ അതൊക്കെ നമ്മുടെ വിശ്വാസം. അയ്യപ്പൻ എന്നുപറഞ്ഞാൽ അത് വലിയ ശക്തിയാണ്. നമ്മുടെ അൾട്ടിമേറ്റ് പവർ എന്ന് പറയില്ലേ അതാണ്. അച്ചുതണ്ട് കറങ്ങുമ്പോൾ അദ്ദേഹം വിരൽ വച്ച് അത് തിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്’, – എം.ജി ശ്രീകുമാർ പറഞ്ഞു.

Prime Reel News

Similar Posts