ആറ് സെക്കൻഡിനുള്ളിൽ പ്രശ്നം പരിഹരിച്ചു, ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം; വിശദീകരണവുമായി ഉടമ
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിനെ തുടർന്ന് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. കേസെടുത്തുവെന്നറിഞ്ഞപ്പോൾ ആദ്യം ചിരിച്ചെന്നും അദ്ദേഹം പറഞ്ഞു. അതൊരു സാങ്കേതിക പ്രശ്നം മാത്രമായിരുന്നു. വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത്.
ആറ് സെക്കൻഡിനുള്ളിൽ ആ പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയും ദേശീയ നേതാക്കളുമടക്കം നിരവധി പ്രമുഖ വ്യക്തികൾക്ക് മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അനുഭവം 17 വർഷത്തെ പ്രവർത്തന ജീവിതത്തിൽ ആദ്യമാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും ഇതുവരെ തിരികെ ലഭിച്ചിട്ടില്ലെന്ന് മൈക്ക് ഓപ്പറേറ്റർ ഇപ്പോൾ പറയുന്നത്.
ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആറിൽ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് പ്രതി പെരുമാറിയത് എന്നാണുള്ളത്. എന്നാൽ എഫ്‌ഐആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്കിൽ സുരക്ഷാ പ്രശ്‌നം സൃഷ്ടിച്ചതായും എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. മൈക്ക്, ആംപ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഇന്ന് പരിശോധന നടത്തും.
