തന്റെ സിനിമ മോശമാണെന്ന് വരുത്താൻ ശ്രമിച്ചെന്ന് സംവിധായകന്‍; അശ്വന്ത് കോക്ക് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു
സോഷ്യൽ മീഡിയയിലൂടെ തന്റെ സിനിമ മോശമാക്കാൻ ശ്രമിച്ചെന്ന സംവിധായകൻ ഉബൈനിയുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് കേസെടുത്തു. ഒരു സിനിമയ്ക്ക് മോശം റിവ്യൂ നൽകിയതിന് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.
‘റാഹേൽ മകൻ കോര’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനിയാണ്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രമുഖ ഓൺലൈൻ നിരൂപകൻ അശ്വന്ത് കോക്ക് ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഈ സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും ചിത്രത്തിന് മോശം നിരൂപണം നൽകിയ വ്യക്തികളും പട്ടികയിൽ പ്രതികളാണ്. റിലീസായ ഉടൻ തന്നെ പുതിയ സിനിമകളെക്കുറിച്ച് മോശം അഭിപ്രായം പറയുന്നത് റിവ്യൂ ബോംബിംഗാണെന്ന് അമിക്കസ് ക്യൂറി നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് ഈ വിഷയത്തിൽ പല ചർച്ചകളും നടന്നു.
