ഗണപതി മിത്താണെന്നു പറഞ്ഞിട്ടില്ല; സി പി എം യഥാർത്ഥ വിശ്വാസികൾക്കൊപ്പം; മലക്കംമറിഞ്ഞ് എം വി ഗോവിന്ദൻ
അള്ളാഹുവും ഗണപതിയും വിശ്വാസത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഗണപതി മിത്താണെന്നു താനും സ്പീക്കർ എ.എൻ.ഷംസീറും പറഞ്ഞിട്ടില്ല. വിശ്വാസപ്രമാണങ്ങൾ മിത്താണെന്നു പറയേണ്ടതില്ലല്ലോ. പരശുരാമൻ കോടാലി എറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നത് മിത്താണ്. വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ ഗണപതി മിത്താണെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. വിഷയം എൻഎസ്എസും ബിജെപിയും ശക്തമായി ഉയർത്തിയപ്പോൾ കെട്ടുകഥയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി.
വിവാദത്തിൽ വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ നിലപാടാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. സിപിഎം വർഗീയ ധ്രുവീകരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധമാണ്. സതീശന്റെ മനസ്സിൽ അറിഞ്ഞോ അറിയാതെയോ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകളുണ്ട്.
വിഷയത്തിൽ സി.പി.എം കുഴപ്പമുണ്ടാക്കിയെന്നും അതിനാൽ സ്പീക്കറുടെ പ്രസ്താവന തിരുത്തണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്തെത്തി. കോൺഗ്രസ് മതേതര നിലപാടാണ് സ്വീകരിക്കുന്നത്. വിശ്വാസങ്ങളിൽ വിശ്വാസമില്ലെങ്കിലും വിശ്വാസങ്ങളെ മാനിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
