മൂന്നാം തവണയും താൻ പ്രധാനമന്ത്രിയാകുമ്പോള്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തികളിലൊന്നായി മാറും; പ്രധാനമന്ത്രി
താൻ മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു. തന്റെ മൂന്നാം ടേമിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇതിന് താൻ ഉറപ്പ് നൽകുന്നതായും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ അന്താരാഷ്ട്ര പ്രദർശനം – കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്റർനാഷണൽ എക്സിബിഷൻ-കൺവെൻഷൻ സെന്റർ ‘ഭാരത് മണ്ഡപം’ എന്ന് പുനർനാമകരണം ചെയ്തു.
“എന്റെ മൂന്നാം ടേമിൽ ഇന്ത്യ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരിക്കും, ഇതാണ് മോദിയുടെ ഉറപ്പ്,” അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ആദ്യ ടേമിൽ ഇന്ത്യ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ആദ്യ പത്തിൽ ആയിരുന്നു. ഞങ്ങളുടെ രണ്ടാം ടേമിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. ട്രാക്ക് റെക്കോർഡിന്റെ അടിസ്ഥാനത്തിൽ, മൂന്നാം ടേമിൽ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുമെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുന്നതായും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13.5 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കാൻ പോകുകയാണെന്ന് അന്താരാഷ്ട്ര ഏജൻസികളും പറയുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ എടുത്ത തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
