വീട്ടമ്മയുടെ മുന്നേകാൽ പവന്റെ സ്വർണമാല മാല കവർന്ന കേസിൽ യുവതിയും കാമുകനും സുഹൃത്തും പിടിയിൽ; ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തിയാണ് മാലമോഷണം
സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇമ്മാനുവൽ (25), ഇയാളുടെ കാമുകി കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഫാത്തിമ (24), കവർച്ചയുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പാലക്കാട് താരേക്കാട് ലോർഡ്‌സ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികൾ ചമഞ്ഞാണ് ഇവർ സ്കൂട്ടറിലെത്തി മോഷണം നടത്തുന്നത്.
അകത്തേത്തറ സ്വദേശി ഗായത്രിയുടെ മൂന്നേക്കൽ പവന്റെ മാല മോഷ്ടിച്ച കേസിലാണ് ഇവർ കുടുങ്ങിയത്. ജില്ലയിൽ ആദ്യമായാണ് ഒരു യുവതി സ്കൂട്ടറിലെത്തി ആഭരണങ്ങൾ കവർന്നത് എന്നും പോലീസ് പറഞ്ഞു. വീടുകളിൽനിന്നടക്കം 200-ഓളം ദൃശ്യങ്ങൾ ശേഖരിച്ചു. കല്ലടിക്കോട് ഭാഗത്തുനിന്നും ടൗണിലെ ഒരു ക്യാമറയിൽനിന്നും വ്യക്തതയുള്ള ചിത്രങ്ങൾ ലഭിച്ചു.
കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇമ്മാനുവൽ എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 24ന് ചാത്തപുരം ജങ്ഷനിലായിരുന്നു സംഭവം. അകത്തേത്തറ സ്വദേശിയുടെ മൂന്നര പവന്റെ മാലയാണ് സ്കൂട്ടറിൽ വന്ന ഇമ്മാനുവലും ഫാത്തിമയും പൊട്ടിച്ചുകൊണ്ട് കടന്നു കളഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സ്ഥിരം കള്ളനായ ഇമ്മാനുവലിനെ പൊലീസ് തിരിച്ചറിഞ്ഞത്.
വാഹന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് സ്കൂട്ടർ ഉടമ വിഷ്ണുവിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ ചോദ്യം ചെയ്തതോടെ ഒളിവിലായിരുന്ന മോഷ്ടാക്കളെയും പിടികൂടി. ഇൻസ്പെക്ടർ സി.സുജിത്ത് കുമാർ, എസ്ഐ എം.സുനിൽ, സിപിഒമാരായ പി.എച്ച്.നൗഷാദ്, കെ.ദീപു, ടി.ആർ.പ്രദീപ്, സി.സുജേഷ്, എം.മണികണ്ഠൻ, പി.രതീഷ്, ആർ.രഘു, കെ.ഉണ്ണിക്കണ്ണൻ, വി.രജിത്ത്, എം.സുജിഷ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
