എക്സാലോജിക്ക് വാങ്ങിയത് പ്രതിഫലം, മാസപ്പടിയെന്ന് വിളിക്കുന്നത് പ്രത്യേക മനോനില; മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി
ഒരു മാസമായി തുടരുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച് മുഖ്യമന്ത്രി പിണറായി വിജയൻ. മാസാടിസ്ഥാനത്തിലല്ല, ചെയ്ത പ്രവർത്തനത്തിനുള്ള പ്രതിഫലമായാണ് എക്സാലോജിക്ക് കമ്പനി വാങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ മാസപ്പടിയാണ് എന്നുപറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ആദായനികുതി വകുപ്പുമായി നിയമപോരാട്ടത്തിനില്ലെന്നും ആദായനികുതി തീർപ്പാക്കാൻ തയ്യാറാണെന്നും കാട്ടി സിഎംആർഎൽ അപേക്ഷ നൽകിയപ്പോൾ ആദായനികുതി വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞശേഷം പാസാക്കിയ ഉത്തരവാണ് തർക്കവിഷയം. എക്സലോജിക്കോ അതിന്റെ ഡയറക്ടറോ ഈ ഒത്തുതീർപ്പിൽ കക്ഷിയല്ല. ഇവരുടെ ഒരു പ്രശ്‌നവും ഒത്തുതീർപ്പിന് വിധേയമായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാസപ്പടി എന്ന പേരിൽ ചില മാധ്യമങ്ങൾ പ്രചരണം നടത്തുന്നുണ്ട്. ഒരു സംരംഭകൻ നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെടുകയും നികുതി അടയ്ക്കുകയും നികുതി റിട്ടേണുകളിൽ വെളിപ്പെടുത്തിയ പ്രതിഫലം സ്വീകരിക്കുകയും ചെയ്യുന്നത് മാസപ്പടിയാണ് എന്നുപറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്.
സേവനം നൽകിയില്ലെന്ന പരാതി സിഎംആർഎൽ കമ്പനിക്കില്ല. അന്വേഷണത്തിന്റെ ഭാഗമായി തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്ന പ്രസ്താവന പിന്നീട് തിരുത്തിയിട്ടുണ്ട്. സേവനം നൽകിയ കമ്പനിയുടെ ഭാഗം കേൾക്കാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
