കുടിശികയായി വൈദ്യുതി ബിൽ; പോലീസ് ക്വാർട്ടേഴ്സിന്റെ ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പോലീസ് നടപടി
വൈദ്യുതി ബില്ല് മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി, പൊലീസ് ക്വാർട്ടേഴ്സിന്റെ ഫ്യൂസ് ഊരി. ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിന്റെ ഫ്യൂസാണ് ഊരിയത്. എന്നാൽ ഇതിന് പിന്നാലെ വൈദ്യുതി ലൈനുകളിലെ തകരാർ പരിഹരിക്കാൻ പോയ കെഎസ്ഇബിയുടെ വാഹനം ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസും പിടികൂടി.
ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്തെ പൊലീസ് ക്വാർട്ടേഴ്സിലെ വൈദ്യുതി ബിൽ കുടിശ്ശികയായതിനാൽ കെഎസ്ഇബി ജീവനക്കാർ പലതവണ പൊലീസ് സ്റ്റേഷനിലെത്തി ബില്ലടക്കാൻ ആവശ്യപ്പെട്ടിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ബില്ലടയ്ക്കാത്തതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാർ ക്വാർട്ടേഴ്സിന്റെ ഫ്യൂസ് ഊരി മാറ്റിയത്.
ഇതിന് പിന്നാലെയാണ് കൊച്ചങ്ങാടിയിൽ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാൻ ജീവനക്കാർ പോയ വാഹനം പൊലീസ് പിടികൂടിയത്. വാഹനത്തിന് മുകളിൽ ഗോവണി കയറ്റിയതും ആയുധങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് വാഹനം പിടികൂടിയത്.
വാഹനത്തിലുണ്ടായിരുന്ന ലൈൻമാൻമാരെ രാത്രി 11 വരെ സ്റ്റേഷനിൽ തടഞ്ഞുവച്ചു. കെഎസ്ഇബി അധികൃതർ ഇടപെട്ടതിനെ തുടർന്ന് ഗതാഗത നിയമലംഘനത്തിന് 250 രൂപ പിഴയടച്ച് വാഹനം വിട്ടുനൽകി. അതേസമയം, കെഎസ്ഇബിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാഴക്കുളം പൊലീസ് പറയുന്നു.
