ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി സഹയാത്രികന്‍; വിലക്കിയിട്ടും തുടർന്നു; പ്രതി അറസ്റ്റില്‍
ബസ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സഹയാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസലിനെയാണ് (49) കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് സർവീസ് യാത്രയിലാണ് സംഭവം ഉണ്ടായത്.
യുവതിയും ബസ് ജീവനക്കാരും തിരുനെല്ലി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് തൊട്ടടുത്ത് യാത്ര ചെയ്തിരുന്ന ഫൈസൽ കയറി പിടിച്ചതായാണ് പരാതി. ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ഇതേ രീതിയിൽ പെരുമാറിയതോടെ യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പ്രതിക്കെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
