ശബരിമലയിലേക്ക് ഇനി സ്വകാര്യ ബസുകളും സർവീസ് നടത്തിയേക്കും; കേന്ദ്രത്തിന്റെ അനുമതി
ഇത്തവണത്തെ മണ്ഡലകാലത്ത് കെഎസ്ആർടിസിയ്‌ക്കൊപ്പം ആദ്യമായി സ്വകാര്യ ബസുകളും പമ്പയിലേക്ക് സർവീസ് നടത്തിയേക്കും. ഇതോടെ ശബരിമല തീർത്ഥാടന രംഗത്ത് കെഎസ്ആർടിസിയുടെ കുത്തക തകരുമെന്നാണ് വിലയിരുത്തൽ. കടക്കെണിയിൽ മുങ്ങിത്താഴുന്ന കോർപ്പറേഷന് വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന ലാഭക്കച്ചവടം ഇല്ലാതാകാനാണ് സാദ്ധ്യത.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകൾക്ക് സ്വതന്ത്രമായി ഓടാൻ അനുമതി നൽകി കഴിഞ്ഞ മാസം ആദ്യമാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ടൂർ ഓപ്പറേറ്റർമാർക്ക് രാജ്യത്ത് എവിടെയും ബസുകൾ ഓടിക്കാമെന്നും സംസ്ഥാനത്ത് പ്രത്യേക പെർമിറ്റുകൾ ആവശ്യമില്ലെന്നുമുള്ളതാണ് നിയമത്തിന്റെ പ്രത്യേകത.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപേക്ഷിക്കുകയാണെങ്കിൽ എല്ലാ അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്കും നാഷണൽ പെർമിറ്റുകൾ ലഭിക്കുന്നതായിരിക്കും. നാഷണൽ പെർമിറ്റ് എടുക്കുന്നതോടെ എവിടെയും സർവീസ് നടത്താൻ സാധിക്കും. ഇതേ മാതൃകയിൽ തന്നെയാകും ശബരിമലയിലേക്കും സർവീസ് നടത്തുന്നത്.
