തെറ്റുപറ്റി പോയി, ആക്സിലേറ്ററില്‍ കാല്‍ അമര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് പ്രതി പ്രിയരഞ്ജന്‍
കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊന്ന കേസിൽ അപകടം മനഃപൂർവമല്ലെന്ന് പ്രതി പ്രിയരഞ്ജൻ. തന്റെ കാൽ ആക്സിലറേറ്ററിൽ കുടുങ്ങിയതായി പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുപറ്റി എന്നും ആക്സിലറേറ്ററിൽ കാൽ വച്ചതും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്ന് പ്രിയരഞ്ജൻ പറയുന്നത്.
തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴായിരുന്നു പ്രിയരഞ്ജന്റെ ഈ പ്രതികരണം. സംഭവസ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പ്രതിയുടെ കാറും ആദിശേഖറിന്റെ സൈക്കിളും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം കാട്ടാക്കട പൂവച്ചിൽ കഴിഞ്ഞ മാസം 30നായിരുന്നു സംഭവം. പത്താം ക്ലാസുകാരനായ ആദിശേഖറിനെയാണ് കാറിടിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പ്രിയരഞ്ജനെതിരെ പൊലീസ് ആദ്യം കേസെടുത്തത്.
ഇയാൾ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. കുട്ടിയെ ഇടിച്ച ശേഷം അമിതവേഗതയിൽ പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രിയരഞ്ജൻ മദ്യപിച്ചു പുളിങ്ങോട് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തിരുന്നു ഇക്കാര്യമാണ് പ്രിയരഞ്ജന്റെ വൈരാഗ്യത്തിന്റെ കാരണം.
