വളർത്തുനായയ്ക്ക് ‘നൂറി’ എന്ന് പേരിട്ടു; പേര് മുസ്ലിം പെൺമക്കൾക്ക് അപമാനം; രാഹുലിനെതിരെ AIMIM നേതാവ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നായക്ക് നൂറി എന്ന് പേരിട്ടതിനെ വിമർശിച്ച് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് മുഹമ്മദ് ഫർഹാൻ. ഗോവയിൽ നിന്ന് പുതുതായി കൊണ്ടുവന്ന നായ്ക്കുട്ടികളിൽ ഒന്നിന് ‘നൂറി’ എന്നാണ് രാഹുൽ ഗാന്ധി നൽകിയ പേര്. നായ്ക്കുട്ടിക്ക് മുസ്ലീം പേരിട്ടത് മുസ്ലീം പെൺകുട്ടികളെ അപമാനിക്കുന്നതാണെന്ന് എഐഎംഐഎം ആരോപിച്ചു. മൂന്ന് മാസം പ്രായമുള്ള ജാക്ക് റസൽ ടെറിയർ നായ്ക്കുട്ടിക്ക് നൂറി എന്നാണ് പേരിട്ടിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും ലജ്ജാകരവുമാണ്. നായയ്ക്ക് നൂറി എന്ന് പേരിട്ടത് അപമാനമാണ്. അതേ പേരിലുള്ള മുസ്ലീം പെൺകുട്ടികളെ അപമാനിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ നടപടി. രാഹുലിന്റെ നടപടി മുസ്ലീം പെൺമക്കളോടും മുസ്ലീം സമുദായത്തോടുമുള്ള ഗാന്ധി കുടുംബത്തിന്റെ ബഹുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഫർഹാൻ പറഞ്ഞു.
ഗോവയിൽ നിന്ന് നായ്ക്കുട്ടിയെ ദത്തെടുത്തതും അമ്മ സോണിയാ ഗാന്ധിക്ക് സമ്മാനമായി നൽകിയതും രാഹുൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. “നൂരി ഗോവയിൽ നിന്നാണ് ഞങ്ങളുടെ കൈകളിലെത്തിയത്. അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി മാറി,” രാഹുൽ ഗാന്ധി വീഡിയോയിൽ പറഞ്ഞു. സോണിയാ ഗാന്ധിയുടെ മറ്റൊരു വളർത്തുനായ ‘ലാപോ’യും ഗോവയിൽ നിന്നാണ് കൊണ്ടുവന്നത്.
