ട്രെയിൻ വൈകിയത് മൂലം കമ്പനി മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല; യാത്രക്കാരന് 60000 രൂപ റെയിൽവേ നഷ്ടപരിഹാരം നല്കാൻ നിർദ്ദേശം
ട്രെയിൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങിയ വ്യക്തിക്ക് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 60000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചു. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഡെപ്യൂട്ടി മാനേജർ കാർത്തിക് മോഹനാണ് പരാതിക്കാരൻ.
കൊച്ചി-ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂർ വൈകിയതിനെ തുടർന്നുണ്ടായ അസൗകര്യത്തിൽ കാർത്തിക്കിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. ചെന്നൈയിലെ കമ്പനി മീറ്റിംഗിൽ പങ്കെടുക്കാൻ കൊച്ചി-ആലപ്പി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോൾ 13 മണിക്കൂർ വൈകിയാണ് ട്രെയിൻ യാത്ര തുടങ്ങുക എന്നറിഞ്ഞത്. ഇതോടെ കമ്പനി മീറ്റിംഗിൽ പങ്കെടുക്കാനായില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.
കൂടാതെ മറ്റു യാത്രക്കാരെയും നീറ്റുള്‍പ്പടെയുള്ള പരീക്ഷകളുമെഴുതാന്‍ തയ്യാറായി വന്ന വിദ്യാര്‍ഥികളെയും ട്രെയിനിന്റെ വൈകല്‍ ദുരിതത്തിലാക്കി. ഈ സാഹചര്യത്തിലാണ് കാർത്തിക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. യാത്രയുടെ ഉദ്ദേശ്യം പരാതിക്കാരൻ മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനനുസരിച്ച് മുൻകരുതൽ എടുക്കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു റെയിൽവേയുടെ വാദം.
എന്നാൽ റെയിൽവേയുടെ വാദം പൂർണമായും തള്ളി കോടതി 60,000 രൂപ നഷ്ടപരിഹാരം നല്കാൻ നിർദ്ദേശം നൽകുകയായിരുന്നു. റെയിൽവേയുടെ നിരുത്തരവാദപരമായ സമീപനവും യാത്രക്കാരോടുള്ള പ്രതിബദ്ധതയില്ലായ്മയുമാണ് ഈ കേസിൽ നഷ്ടപരിഹാരം ഈടാക്കിയതെന്ന് കോടതി വിലയിരുത്തി. കാർത്തിക് മോഹന് 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകാനാണ് ഇപ്പോഴത്തെ നിർദേശം. ഈ മാസം 30നകം തുക അടയ്ക്കണം.
