മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങി മാല മോഷണം; സഹായിയായി സംഘത്തിലൊരാളുടെ ഭാര്യയും, അറസ്റ്റ്
മോഷ്ടിച്ച ബൈക്കിൽ കറങ്ങി വഴിയേ പോകുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം അറസ്റ്റിൽ. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലായി മൂന്ന് പ്രതികൾ പിടിയിലായി. ആഗസ്ത് 14ന് ചെങ്ങന്നൂർ പുത്തൻവീട്ടിൽപടി ഓവർ ബ്രിഡ്ജിന് സമീപത്തുനിന്നും മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിച്ചിരുന്നു.
ബൈക്ക് മോഷ്ടിച്ചതിന്റെ പിറ്റേന്ന് ഇടനാട് ഭാഗത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാലയും പ്രതികൾ പൊട്ടിച്ച് വിറ്റിരുന്നു. പത്തനംതിട്ട റാന്നി കല്ലിക്കാട്ടിൽ ബിനു തോമസ് (32), അനു (40), ഭാര്യ വിജിത വിജയൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ ബിനു തോമസും അനുവും തട്ടിയെടുത്ത സ്വർണം വിജിത വിജയൻ വിറ്റു പണമാക്കിയിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്‍പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‍പെക്ടർ വിപിൻ എ.സി, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ശ്രീകുമാർ, അനിലാകുമാരി, സീനിയർ സിപിഒ മാരായ അനിൽ കുമാർ, സിജു, സിപിഒ മാരായ സ്വരാജ്, ജിജോ സാം, വിഷു, പ്രവീൺ, ജുബിൻ എന്നിവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികൾ മോഷ്ടിച്ച വസ്തുക്കൾ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ചെങ്ങന്നൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
