ട്രെയിൻ യാത്രക്കാരുടെ സ്ഥിരം തലവേദന; കോച്ചിലെ ശുചിമുറിയിൽ കേറി ഒളിച്ചിരുന്ന മോഷ്ടാക്കൾ പിടിയിൽ

മലബാർ എക്‌സ്‌പ്രസിന്റെ വാഷ്‌റൂമിൽ ഒളിച്ചിരുന്ന സ്ഥിരം ട്രെയിൻ മോഷ്ടാക്കളെ വാതിൽ തകർത്ത് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൊച്ചി കൽവത്തി സ്വദേശി തൻസീർ (19), കൊച്ചി മട്ടാഞ്ചേരി സ്വദേശി പ്രശാന്ത് (17) എന്നിവരാണ് അറസ്റ്റിലായത്. മലബാർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. സ്ലീപ്പറിലെയും എസി കോച്ചിലെയും രണ്ട് യാത്രക്കാരുടെ മൊബൈൽ ഫോണുകളും പഴ്സുകളും മോഷ്ടിച്ച പ്രതികൾ, ടിടിഇയുടെ ലോക്ക് ചെയ്ത ബാഗും തുറക്കാൻ ശ്രമിച്ചു.

 

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തൃശ്ശൂരിലെ മലബാർ എക്‌സ്പ്രസിലാണ് സംഭവം. തൃശ്ശൂരിൽ നിന്ന് കണ്ണൂരിലേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂർ റെയിൽവേ പോലീസ് ഓഫീസർമാരായ സുരേഷ് കക്കര, മഹേഷ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. ട്രെയിനിലെ എസ് 4 കോച്ചിൽ കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബിഡിഡിഎസ് വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ മോഷണം പോയതായി പരാതി.

 

ഇതേ ട്രെയിനിൽ എ1 കോച്ചിൽ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ പേഴ്‌സ് മോഷണം പോയി. മോഷ്ടാക്കൾ ട്രെയിനിൽ തന്നെയുണ്ടെന്നും ട്രെയിൻ ഷൊർണൂരിൽ എത്തുമ്പോൾ ഇറങ്ങാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയതിനെ തുടർന്ന് ട്രെയിനിൽ തിരച്ചിൽ നടത്തി. പോലീസ് വരുന്നത് കണ്ട് പ്രതി എച്ച്‌എ 1 കോച്ചിലെ വാഷ്‌റൂമിൽ ഒളിച്ചു.

 

വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മോഷ്ടാക്കൾ തുറന്നില്ല. ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ വാതിൽ തകർത്ത് പ്രതികളെ പിടികൂടി. മോഷ്ടിച്ച മൊബൈൽ ഫോൺ ട്രെയിനിനുള്ളിൽ നശിപ്പിച്ച് ക്ലോസെറ്റിൽ നിക്ഷേപിച്ചതായി മോഷ്ടാക്കൾ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ ഇവർ നിരവധി എൻഡിപിഎസ് കേസുകളിലെ പ്രതികളാണെന്നും തൻസീർ കോഴിക്കോട് ബിവറേജ് തുറന്ന കേസിലെ പ്രതിയാണെന്നും മനസ്സിലായി.

Prime Reel News

Similar Posts