സുരേഷ് ഗോപിയെ ബി ജെ പി നേതൃത്വം ഇടപെട്ട് നിലയ്ക്ക് നിർത്തണം; ബിജെപി നേതാവ് സ്മൃതി ഇറാനി പറഞ്ഞതെന്താണ് എന്ന് കേള്‍ക്കുന്നത് നന്നായിരിക്കും
സുരേഷ് ഗോപിയെ ബി ജെ പി നേതൃത്വം ഇടപെട്ട് നിലയ്ക്ക് നിർത്തണം. സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനോട് ഷിദ അവരുടെ ജോലിയുടെ ഭാഗമായി ഒന്ന് രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. അയാള് അവരുടെ ശരീരത്തില്‍ കയ്യെടുത്ത് വെച്ച് ഷിദയെ ചെറുതാക്കാനും അപമാനിക്കാനും മുതിര്‍ന്നു. അതിന് ശേഷം അയാളുടെ പാര്‍ട്ടിയുടെ അണികള്‍ ഷിദയുടെ ഫോട്ടോകളെടുത്തും അല്ലാതെയും അവരെ ആവോളം അപമാനിക്കുന്നു, ഇപ്പോഴും അത് തുടരുന്നു.
അന്ന് അയാളാ കൈയെടുത്ത് ഷിദയുടെ ചുമലില്‍ വെച്ചില്ലായിരുന്നെങ്കില്‍, ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയോ നല്‍കാതെയോ പോയിരുന്നെങ്കില്‍ ഇപ്പോള്‍ ഷിദ ഈ മട്ടില്‍ അപമാനിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലായിരുന്നു. എന്നാലത് സംഭവിച്ച ശേഷമെങ്കിലും ‘ഇനി അവരെ ആരും അപമാനിക്കരുത് ‘എന്ന് അയാള്‍ അയാളുടെ അണികളെ തടഞ്ഞിരുന്നെങ്കില്‍ ഈ മട്ടില്‍ ഷിദ എന്ന വനിതാ റിപ്പോര്‍ട്ടരെ ഈ പാര്‍ട്ടി, ഫാന്‍സ് ആണ്‍കൂട്ടം വട്ടമിട്ട് ആക്രമിക്കുന്നത് ഉണ്ടാകില്ലായിരുന്നു.
അയാളത് ചെയ്തില്ല, എന്ന് മാത്രമല്ല പിറ്റേന്ന് വീണ്ടും ക്യാമറകള്‍ക്ക് മുന്നിലേക്ക് വന്ന് എന്നെ തൊടരുത് എന്നോ മറ്റോ പറഞ്ഞ് വീണ്ടും ആ സംഭവത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകയെയും മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കുന്ന പ്രവൃത്തി ആവര്‍ത്തിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ അല്‍പ്പം മുമ്പ് അയാളത് വീണ്ടും ചെയ്തിരിക്കുന്നു. മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് അയാള്‍ ആക്രോശിക്കുന്നത് ഇപ്പോള്‍ ടിവിയില്‍ കണ്ടു.
ഇയാളെ നിലയ്ക്ക് നിര്‍ത്തേണ്ട പണി ഇയാളുടെ പാര്‍ട്ടിയുടെ നേതൃത്വം സ്വീകരിച്ചാല്‍ നന്നായിരിക്കും എന്നേ പറയാനുള്ളൂ. നിങ്ങളിത് ഇങ്ങനെ ആവര്‍ത്തിക്കരുത് കേട്ടോ എന്ന് ബിജെപി നേതൃത്വം അയാളോട് പറയേണ്ടതാണ്. സമാനമായൊരു സന്ദര്‍ഭത്തില്‍ ,പത്ത് കൊല്ലം മുമ്പ് , വയലാര്‍ രവിയെക്കുറിച്ച് , ബിജെപി നേതാവ് സ്മൃതി ഇറാനി പറഞ്ഞതെന്താണ് എന്ന് കേള്‍ക്കുന്നത് നന്നായിരിക്കും. അത് കാണാനുള്ള ലിങ്ക് കമന്റ് ബോക്‌സില്‍ ഉണ്ട്. സ്മൃതി ഇറാനിയെ കേള്‍ക്കുന്നത് ബിജെപിയുടെ അണികള്‍ക്കും നന്നായിരിക്കും.
