രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ 24ന് ഫ്ലാഗ് ഓഫ് ചെയ്യും; ഉദ്ഘാടന സര്‍വീസ് ഞായറാഴ്ച കാസർഗോഡ് നിന്ന്
കേരളത്തിന് ഓണസമ്മാനമായി അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. വ്യാഴാഴ്ച പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർഗോഡ് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വീസ്.
ഞായറാഴ്ചയാണ് ഈ ട്രെയിൻ സംസ്ഥാനത്ത് ആദ്യം സർവീസ് ആരംഭിക്കുക. രാവിലെ ഏഴ് മണിക്ക് കാസർഗോഡ് നിന്ന് യാത്ര തിരിച്ച് ആലപ്പുഴ വഴി ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരത്തും. കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശ്ശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55) എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
മടക്ക ട്രെയിൻ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടും. തുടർന്ന് രാത്രി 11.55ന് കാസർഗോഡ് എത്തുന്ന വിധത്തിലാണ് സമയവും റൂട്ടും ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശ്ശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർഗോഡ് (രാത്രി 11.55) എന്നിങ്ങനെയാണ് ടൈം ഷെഡ്യൂൾ.
ആഴ്ചയിൽ ഒരു ദിവസം അറ്റകുറ്റപ്പണികൾക്ക് വേണ്ടി സർവീസ് ഒഴിവാക്കും. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയ്ന്‍ പാലക്കാട് ഡിവിഷന് കീഴിലാകും പ്രവര്‍ത്തിക്കുക. ഇപ്പോൾ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കെത്തുന്ന കേരളത്തിലെ ഏക വന്ദേഭാരത് ട്രെയ്ന്‍ കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്.
