സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു; ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സിബിഐ സംഘം വയനാട്ടിലെത്തിയത്. സിബിഐ എസ്പി ഉൾപ്പെടെ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ജില്ലാ പോലീസ് മേധാവിയുമായും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായും ഇവർ കൂടിക്കാഴ്ച നടത്തി.

ഒരു എസ്പിയും ഡിവൈഎസ്പിയും രണ്ട് ഇൻസ്പെക്ടർമാരും അടങ്ങുന്നതാണ് അന്വേഷണ സംഘമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരണം നടത്തി. അന്വേഷണസംഘം ഫയലുകൾ പരിശോധിച്ച് മറ്റ് വിവരങ്ങൾ തേടുകയായിരുന്നുവെന്നാണ് സൂചന. രണ്ട് ഉദ്യോഗസ്ഥർ കൂടി അന്വേഷണ സംഘത്തോടൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. മകൻ്റെ മരണം സിബിഐ അടിയന്തരമായി അന്വേഷിക്കണമെന്ന് പിതാവ് ടി. ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

Scroll to Top