ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരങ്ങൾ നട്ടു പിടിപ്പിക്കണം; ‘എൻറെ മരം എൻറെ കുട്ടി’ പുതിയ പദ്ധതിയുമായി സിക്കിം
മേരോരുഖ് മേരോസന്തതി എന്ന പുതിയ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി സിക്കിം. സിക്കിം ഇപ്പോൾ അറിയപ്പെടുന്നത് കാർബൺ ന്യൂട്രൽ സ്റ്റേറ്റ് ആയിട്ടാണ്, എന്നാൽ കാർബൺ നെഗറ്റീവ് സ്റ്റേറ്റ് ആക്കാനുള്ള യാത്രയിലാണ് പുതിയ പദ്ധതി സംസ്ഥാനം ആവിഷ്കരിക്കുന്നത്.
മേരോരുഖ് മേരോസന്തതി എന്നാണ് പുതിയ ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതിനർത്ഥം എൻറെ മരം എൻറെ കുട്ടി എന്നാണ്. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരം നടാനാണ് സിക്കിം സർക്കാരിൻറെ പുതിയ പദ്ധതി. കുട്ടികളും, മരങ്ങളും ഒരുപോലെ തന്നെ ശക്തമായി മുന്നോട്ടു പോവണമെന്ന് സർക്കാർ പറയുന്നു.
കുട്ടി ജനിച്ചു കഴിഞ്ഞാൽ സ്വകാര്യഭൂമിയിലോ, പൊതുസ്ഥലത്തോ, കാട്ടിലോ എവിടെയാണോ മാതാപിതാക്കൾക്ക് മരം നടാൻ സൗകര്യം അവിടെ നടാവുന്നതാണ്. സിക്കിമിൽ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന പ്രകൃതിയും, മനുഷ്യരും തമ്മിലുള്ള ബന്ധം തുടരുവാനും കൂടുതൽ ശക്തമായിട്ട് മുന്നോട്ട് പോകുവാനുമാണ് ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യം.
അംഗനവാടി ടീച്ചർമാർ, ആശാവർക്കർമാർ, ഗ്രാമപഞ്ചായത്ത് മറ്റ് സർക്കാർ സ്ഥാപനങ്ങൾ ഇവയെല്ലാം കൂടിച്ചേർന്നിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സിക്കിം വന വകുപ്പ് മന്ത്രിയായ കര്‍മ ലോദേ ഭൂട്ടിയക്ക് പറയാനുള്ളത് സിക്കിമിനെ ഒരു ഹരിത സംസ്ഥാനം ആക്കി മാറ്റുക എന്നുള്ളതാണ്. ഇതിൻറെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു പുതിയ പദ്ധതി സംസ്ഥാനം ആവിഷ്കരിക്കുന്നത്.
