മാതാപിതാക്കളെ ബഹ്‌റൈനിൽ ഉപേക്ഷിച്ചു മകൻ നാട്ടിലേക്ക് മടങ്ങി; സന്നദ്ധ പ്രവർത്തകരുടെ ശ്രമഫലമായി ഇവരെ നാട്ടിലെത്തിച്ചു
ബഹ്രൈനിൽ മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനോടുവിൽ നാട്ടിലേക്ക്. കോട്ടയം സ്വദേശികളായ ദമ്പതികളെയാണ് പ്രവാസി ലീഗൽ സെലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയച്ചത്.
ഈ കുടുംബത്തിന് സ്വത്തെന്ന് പറയാനായി നാട്ടിൽ ആകെ ഉണ്ടായിരുന്നത് വീടും വസ്തുവും മാത്രമാണ്. അപകടത്തിൽ പരുക്കേറ്റ ഭാര്യയുടെ ചികിത്സയ്ക്കുള്ള ഭീമമായ തുകക്ക് വേണ്ടി ഇത് വിറ്റിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ തുക കഴിഞ്ഞ് ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹ്രൈനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ ചെലവഴിച്ചു.
കഫ്തീരിയയുടെ ലൈസൻസ് സഹോദരിയുടെ പേരിലാണ്. ഏക സഹോദരിയെ വിസിറ്റിംഗ് വീസ എടുത്തു കൊണ്ടുവന്ന് അവരുടെ പേരിൽ അറാദിൽ ഷോപ്പ് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യിക്കുകയും അന്ന് തന്നെ സഹോദരിയെ നാട്ടിലേക്ക് അയക്കുകയുമായിരുന്നു. പിന്നാലെ മാതാപിതാക്കളെ മകൻ വിസിറ്റിംഗ് വീസയിൽ ബഹ്രൈനില് കൊണ്ട് വരികയായിരുന്നു.
എന്നാൽ പ്രതീക്ഷിച്ചത് പോലെ കച്ചവടം വിജയിച്ചില്ല. കടയുടെ ചെലവുകൾക്കും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും തികയാത്ത അവസ്ഥയിൽ എത്തി കാര്യങ്ങൾ. അങ്ങനെ കടം പെരുകി സ്ഥാപനം പൂട്ടേണ്ടി വന്നു. ഇതിനിടയിൽ അമ്മയുടെ വിസിറ്റിംഗ് വിസ പുതുക്കാനും സാധിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അച്ഛൻ വേറെ ജോലിക്ക് കയറിയെങ്കിലും, 60 വയസ് തികഞ്ഞതിനാൽ വീസ അടിക്കാൻ കഴിയാത്തതുകൊണ്ട് ജോലിസ്ഥലത്ത് നിന്ന് പറഞ്ഞു വിട്ടു. തുടർന്ന് ജീവിതം വഴിമുട്ടിയ സാചര്യത്തിൽ ഇരുട്ടടിയെന്നോണം മകൻ അച്ഛനേയും അമ്മയേയും ബഹ്രൈനിൽ തനിച്ചാക്കി നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
എം എം എസ് രക്ഷധികാരി എബ്രഹാം ജോൺ, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം,അബ്ദുൽ റഹുമാൻ കാസർകോട്, മൻഷീർ കൊണ്ടോട്ടി, മുജീബ് വെളിയങ്കോട്, രതീഷ് രവി, പ്രമോദ് കുമാർ എന്നിവരാണ് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
