വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു; കഷ്ടം, പരമ കഷ്ടം; എത്ര എത്ര കെ. എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു; സൂരജ് സന്തോഷ്

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമുള്ള പിന്നണി ഗായിക കെ.എസ് ചിത്രയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ സൂരജ് സന്തോഷിന്റെ രൂക്ഷ വിമര്‍ശനം.

പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും എത്ര എത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നും ഗായകന്‍ സൂരജ് സന്തോഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

”ഹൈലൈറ്റ് എന്താണെന്ന് വെച്ചാല്‍, സൗകര്യപൂര്‍വം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ. എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം,’ എന്നായിരുന്നു സൂരജ് ഇന്‍സ്റ്റാഗ്രം സ്റ്റോറിയിലൂടെ കുറിച്ചത്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയിൽ പറയുന്നത്. ‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ’എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്‍റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ ചിത്ര പറയുന്നു.അയോധ്യയില്‍ നിന്നുള്ള അക്ഷതം ചിത്ര കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.

Prime Reel News