പകൽ ഓട്ടോ ഡ്രൈവർ, രാത്രി വീടുകളിൽ ഒളിഞ്ഞുനോട്ടം; ദൃശ്യം പകര്‍ത്തല്‍; യുവാവിനെ നാട്ടുകാര്‍ പിടികൂടി, പോലീസില്‍ ഏല്‍പ്പിച്ചു
രാത്രികാലങ്ങളിൽ വീട്ടിൽ ഒളിഞ്ഞുനോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പന്നൂർ പരിയാരുകണ്ടിയിലെ മുഹമ്മദ് സാദിഖ് (34) ആണ് അറസ്റ്റിലായത്. രാത്രി വീടുകളിൽ കയറി സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും എടുക്കാറുണ്ടെന്നാണ് പരാതി. വിവാഹം കഴിഞ്ഞ വീടുകളിൽ രാത്രി കയറുന്നത് പതിവാണെന്നും സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഫോട്ടോകൾ ഇയാളുടെ മൊബൈലിൽനിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ഓട്ടോഡ്രൈവറായ സാദിഖ് രാത്രിയിൽ പുതപ്പ് പുതച്ച് വീടുകളിൽ കയറും. ഈ സമയം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. വീടുകളിൽ അസഭ്യം എഴുതുന്നത് ഇയാളുടെ ശീലമാണ്. ശല്യം കാരണം വലഞ്ഞ നാട്ടുകാർ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ചുള്ള ഏകദേശ വിവരം ലഭിച്ചത്. ഇതിനുശേഷം രാത്രിയിൽ മറവിൽ പ്രദേശത്തെ ഒരു വീട്ടിൽ എത്തിയയാളെ നാട്ടുകാർ പിടികൂടിയെങ്കിലും രക്ഷപ്പെട്ടു.
സംശയം തോന്നിയ നാട്ടുകാർ ഉടൻ സാദിഖിന്റെ വീട്ടിലെത്തിച്ചെങ്കിലും സാദിഖ് അവിടെ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നാട്ടുകാർ സാദിഖിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രണ്ട് സ്ത്രീകളുടെ പരാതിയിൽ സാദിഖിനെതിരെ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
