പൊലീസിനു നിയമം ബാധകമല്ലേ? 1988-ലെ ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച്, മോട്ടോർ വാഹനത്തിലുള്ള എല്ലാ വ്യക്തികളും വാഹനം സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതുണ്ട്; കേസ് നിയമപരമായി കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്
കണ്ണൂർ പാനൂരിൽ പൊലിസ് സീറ്റ് ബെൽറ്റ് ഇടാതെ ജീപ്പിലിരുന്നത് ചോദ്യം ചെയ്ത യുവാവിനെതിരെ കേസ്. ഞങ്ങളെ ചോദ്യം ചെയ്യാൻ നീയാരാടാ എന്ന് പൊലീസിന്റെ മറുചോദ്യം. ഇതുകൊണ്ടും തീർന്നില്ല ഒടുവിൽ പാനൂർ സ്വദേശി സനൂപിനെതിരെ കേസും എടുത്താണ് പൊലീസ് പക വീട്ടിയത്. ആ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനെതിരെ ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന, കുറിപ്പിങ്ങിനെ..
സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് “പൊലീസിനു നിയമം ബാധകമല്ലേ’; എന്ന് ചോദ്യം ചെയ്ത കണ്ണൂർ ചൊക്ലി സ്വദേശിയായ സനൂപിനെതിരെയും, മറ്റ് നാല് യുവാക്കൾക്കെതിരെയും പോലീസ് കള്ളക്കെസ് രജിസ്റ്റർ ചെയ്തിരിക്കയാണ്.
സനൂപുമായി ഇന്നലെ മുതൽ സംസാരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തി എന്ന KP ആക്റ്റിലെ വകുപ്പ് ഉൾപ്പെടെ ചേർത്തുകൊണ്ട് രജിസ്റ്റർ ചെയ്ത FIR ൽ സനൂപ് ഇന്നലെ വൈകുന്നേരം സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുത്തെങ്കിലും “നിന്നെ ജീവിക്കാൻ അനുവദിക്കില്ല” എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
പോലീസ് ജീപ്പ് തടയുകയോ, കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും, സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ് എന്നാണ് സനൂപ് പറയുന്നത്.
1988-ലെ ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച്, മോട്ടോർ വാഹനത്തിലുള്ള എല്ലാ വ്യക്തികളും വാഹനം സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതുണ്ട്. ഇതിൽ പോലീസ് ഉദ്യോഗസ്ഥരും മറ്റ് നിയമപാലകരും ഉൾപ്പെടുന്നു എന്നതിനാൽ കേസ് നിയമപരമായി കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
