സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും; SRFTI വിദ്യാര്‍ത്ഥി യൂണിയന്‍ എതിർപ്പുമായി രംഗത്ത്
SRFTI Students Union Against Suresh Gopi’s Appointment: സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി സുരേഷ് ഗോപിയെ നിയമിച്ചതിൽ പ്രതിഷേധം. സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റ്‌സ് യൂണിയൻ നിയമനത്തെ ശക്തമായി എതിർത്തു കൊണ്ട് പ്രസ്താവനയിറക്കി. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുപ്പമുള്ള ബിജെപി നേതാവിനെ പ്രസിഡന്റായി നിയമിച്ചതിൽ യൂണിയൻ ആശങ്ക രേഖപ്പെടുത്തി.
രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാകുന്ന തരത്തിൽ വിഭാഗീയ പ്രസ്താവനകൾ വരെ സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. “ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി അടുത്ത് പ്രവർത്തിക്കുന്ന ഒരാൾ, പ്രത്യേകിച്ച് ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയ ഒരാൾ, ഉയർന്ന പദവിയിൽ ഇരിക്കുന്നത് സ്ഥാപനം നിലകൊള്ളുന്ന നിഷ്പക്ഷതയ്ക്കും കലാപരമായ സ്വാതന്ത്ര്യത്തിനും വിട്ടുവീഴ്ച ചെയ്യുമെന്ന് ആശങ്കയുണ്ട്,” പ്രസ്താവനയിൽ പറയുന്നു.
സർഗ്ഗാത്മകതയ്ക്കും കലാപരമായ ആവിഷ്‌കാരത്തിനും ആശയ വിനിമയത്തിനുമുള്ള ഒരു കേന്ദ്രമാണ് SRFTI. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവരുടെ ആശയങ്ങൾ സ്വതന്ത്രമായി അവതരിപ്പിക്കാൻ ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രസിഡന്റും ചെയർപേഴ്സണും ഉണ്ടായിരിക്കണം. സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ സൽപ്പേര് നഷ്ടപ്പെടുത്തുമെന്ന ആശങ്കയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
