നാടാകെ മരങ്ങൾ നട്ടുപിടിപ്പിച്ചു സംരക്ഷണം ഒരുക്കുകയാണ് ഈ രണ്ടാം ക്ലാസ്സുകാരി കൊച്ചുമിടുക്കി; മാതൃകയാക്കാം ദേവികയെ
വരുംതലമുറയ്ക്ക് ഒരു മാതൃകയാവുകയാണ് കോഴിക്കോട്ടുകാരിയായ ദേവിക എന്ന കൊച്ചു മിടുക്കി. മരങ്ങൾ വെട്ടി നശിപ്പിക്കുന്ന ഈ കാലത്ത് മനുഷ്യരുടെ നന്മയ്ക്കായി സഞ്ചരിക്കുന്ന വഴികളിൽ ഒക്കെ വൃക്ഷത്തൈ വൃക്ഷത്തൈകൾ നടുകയാണ് ദേവിക എന്ന ഈ ഏഴു വയസ്സുകാരി. ഒരു വർഷത്തിനകം തന്നെ ദേവിക ഗുരുവായൂർ, മലപ്പുറം ,കണ്ണൂർ, വയനാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.
തൈകൾ നട്ടശേഷം കൈകളുടെ സംരക്ഷണത്തിനായി കമ്പിവേലികൾ കെട്ടിയ ശേഷം ‘മരമാണ് ഒരു സമ്മാനം’ എന്ന ബോർഡ് വയ്ക്കുകയും ചെയ്യും. കുറച്ചു ദിവസങ്ങൾക്കു മുൻപ് മിലിറ്ററി ബാരക്കിന് സമീപത്തും, ശാന്തിഗിരി ആശ്രമത്തിന്റെ പരിസരത്തുമായി ദേവിക 16 വൃക്ഷത്തൈകൾ ആണ് നട്ടത്. ആഴ്ചയിൽ ഒരിക്കൽ താൻ നട്ട മരങ്ങൾ വളരുന്നുണ്ടോ എന്ന് നോക്കാനായി പോകുഎന്നും അവയെ സംരക്ഷിക്കാറുണ്ടെന്നും ദേവിക പറയുന്നു.
കോഴിക്കോട് മലാപ്പറമ്പ് ലിറ്റിൽ കിംഗ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവിക. സ്കൂൾ പ്രിൻസിപ്പൽ ആയ നൈജല്‍ ഡേവിഡ് മണ്ടോസയും പരിസ്ഥിതി പ്രവർത്തകനായ പ്രൊഫസർ ടി ശോഭീന്ദ്രനുമാണ് ആണ് പ്രകൃതിയോടുള്ള ദേവികയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി ആദ്യം തന്നെ സമ്മാനമായി തൈകൾ നൽകിയത്. ദേവികയുടെ ഈ ഇഷ്ടം മനസ്സിലാക്കി പല ആളുകളും സമ്മാനമായി പലതരത്തിലുള്ള മരങ്ങൾ നൽകുകയും ചെയ്യാറുണ്ട്. അച്ഛൻ ദീപക്കും ,അമ്മ സിൻസിയും ദേവികയുടെ ഈ ഇഷ്ടത്തിനനുസരിച്ച് എല്ലാ സഹായവുമായി കൂടെ തന്നെയുണ്ട്.
