ഉമ്മയെക്കാള്‍ വലുതല്ല എന്റെ ജീവന്‍.. അതില്ലാതെ എനിക്ക് ജീവിക്കുകയും വേണ്ട: കിണറ്റിൽ വീണ മാതാവിനെ രക്ഷിക്കാൻ മകനും ചാടി, കയർ ഇട്ടുകൊടുത്ത് രക്ഷിച്ച വിദ്യാർഥിക്ക് അഭിനന്ദനപ്രവാഹം
കിണറ്റിൽ വീണ അമ്മയെ രക്ഷിച്ച സ്കൂൾ വിദ്യാർഥിക്ക് അഭിനന്ദനങ്ങൾ. കിളിനക്കോട് പള്ളിക്കൽ ബസാർ ഉത്തൻ നല്ലേങ്ങര സൈതലവിയുടെ ഭാര്യ ജംഷീനയെയാണ് കിളിനക്കോട് യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സാബിഹ് രക്ഷിച്ചത്.
വീട്ടുവളപ്പിലെ കിണറ്റിൽ വീണ കുറുക്കനെ പുറത്തെടുത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് കിണർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. മാതാവ് കിണറ്റിൽ വീണപ്പോൾ മകൻ സാബിഹ് കിണറ്റിൽ ചാടി നീന്തലറിയാത്ത അമ്മയെ മുങ്ങിപ്പോകാതിരിക്കാൻ മോട്ടോറിൽ കയർ കെട്ടുകയായിരുന്നു.
മകൾ രാജ ഫാത്തിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ സൈതലവിയുടെ സഹോദരി റഹ്മത്ത് വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി ഇരുവരെയും രക്ഷപ്പെടുത്തി. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം.ഹംസ, അലിഫ് ചാരിറ്റി ഭാരവാഹികൾ, ഫൈസൽ കോട്ടയ്ക്കൽ, കിള്ളിനക്കോട് യു.പി.സ്കൂൾ അധികൃതർ തുടങ്ങിയവർ വീട്ടിലെത്തി അനുമോദിച്ചു.
