വനവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റാകാൻ ധന്യയ്‌ക്ക് കൈത്താങ്ങുമായി സുരേഷ് ഗോപി

പറക്കാനുള്ള ധന്യയുടെ ആഗ്രഹത്തിന് കൂട്ടായി സുരേഷ് ഗോപിയും. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റ് എന്ന നേട്ടം കൈവരിക്കാൻ സഹായവുമായാണ് താരം ധന്യയെ കാണാൻ എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷൻ അക്കാദമിയിൽ പഠിക്കുന്ന ധന്യ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന വാർത്ത അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ ആവശ്യമായ തുക അയച്ചുകൊടുത്തു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പഠനം അവസാനിപ്പിക്കാനൊരുങ്ങിയ ധന്യ ഇപ്പോൾ സന്തോഷത്തിലാണ്. തന്റെ സ്വപ്നം പൂർത്തീകരിക്കാൻ കൂടെയുള്ള സുരേഷ് ഗോപിയോട് നന്ദിയും കടപ്പാടും അറിയിക്കുകയാണ് ധന്യയും കുടുംബവും. “എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഈ സഹായം എന്നും മനസ്സിലും ഉണ്ടാകും” – ധന്യ പറഞ്ഞു. മുനിസിപ്പൽ ശുചീകരണ ജീവനക്കാരനായ വാകത്താനം വാലുപറമ്പിൽ മഹേഷിന്റെയും ബിന്ദുവിന്റെയും മകളായ ധന്യ പോളിടെക്‌നിക് പഠനകാലത്ത് ‘ഉയരെ’ എന്ന സിനിമ കണ്ടാണ് ജീവിതത്തിൽ പറക്കാനുള്ള മോഹം വന്നത്.

ഫീസ് അടക്കാൻ കഴിയാതെ ധന്യ ബുദ്ധിമുട്ടുന്നതായി കഴിഞ്ഞ ദിവസമാണ് വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട മലയാളത്തിന്റെ പ്രിയ നടൻ സുരേഷ് ഗോപി തന്റെ മകൾ ലക്ഷ്മിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ‘ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ്’ വഴി ധന്യയെ സഹായിച്ചു. തന്റെ സ്വപ്നത്തിന് ചിറകുനൽകാൻ സുരേഷ് ഗോപി എത്തിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ധന്യ ഇപ്പോൾ.

Prime Reel News

Similar Posts