തൃശൂരില്‍ ഒരു വോട്ടിനെങ്കിലും ജയിക്കുമെന്ന് സുരേഷ് ഗോപി; ജനങ്ങളുടെ പൾസ് മനസിലാക്കാൻ സാധിച്ചു
തൃശ്ശൂരിൽ ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ജനങ്ങളോട് അഭ്യർത്ഥിച്ചു. തൃശ്ശൂരിലെ ജനങ്ങളുടെ പൾസ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘തൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂർ തരട്ടെ, എടുത്തിരിക്കും. എടുത്താല്‍ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അത് പോരാ എന്ന് പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ’- സുരേഷ് ഗോപി പറഞ്ഞു.
2014ൽ രാഷ്ട്രീയത്തിലെത്തിയപ്പോൾ അതിന്റെ ഫലം കണ്ടു മുന്നോട്ടുപോയി. എല്ലാ കാലത്തും ഉറച്ച നിലപാട് എടുത്തിട്ടുണ്ട്. തെറ്റായ നിലപാടാണെന്ന് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെയും ദിലീപിന്റെയും സ്വപ്ന സുരേഷിന്റെയും കാര്യത്തിൽ എല്ലാം കോടതി തീരുമാനിക്കട്ടെ എന്ന് ഞാൻ പറഞ്ഞു. അതാണ് നീതിയെന്ന് സുരേഷ് ഗോപി പറഞ്ഞു.
