സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ മാലപൊട്ടിക്കലും ബൈക്ക് മോഷണവും; യുവാക്കള്‍ പൊലീസ് പിടിയില്‍
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നു മാല, ബൈക്ക് മോഷണമുള്‍പ്പടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും കർണാടകയിലും മോഷണം നടത്തി വന്നിരുന്ന യുവാക്കൾ പിടിയിൽ. മംഗലാപുരം കങ്കനാടി പൊലീസ് സ്‌റ്റേഷൻ, ബന്ദർ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന മൂന്ന് ബൈക്ക് മോഷണം, കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണം, ബേഡകം പൊലീസ് സ്‌റ്റേഷൻ പരിധിയിൽപെട്ട കരുവിഞ്ചിയത്ത് റോഡിൽ കൂടി നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസ് തുടങ്ങിയവയില്‍ പ്രതികളായവരാണ് ഒടുവില്‍ പൊലീസിന്‍റെ വലയിലായി.
കോട്ടിക്കുളം സ്വദേശി മുഹമ്മദ് ഇജാസ് (24), ചേർക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ (24) എന്നിവരാണ് അറസ്‌റ്റിലായത്. ഇതുകൂടാതെ ബന്തടുക്ക പടുപ്പിൽ സ്ഥലത്തുവച്ച് ആയുർവേദ മരുന്ന് കടയുടെ അകത്തുകയറി മാല പൊട്ടിച്ച കേസ്, ചേരിപ്പാടി നാഗത്തിങ്കാൽ എന്ന സ്ഥലത്തുവച്ച് നടന്ന മാല പൊട്ടിക്കൽ കേസിലെ പ്രതികളുമാണിവര്‍.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകളും ഇത്തരം കേസുകളിൽ സംശയിക്കുന്ന ആളുകളെയും നിരീക്ഷിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 480 ലധികം സിസിടിവി ക്യാമറകളാണ് സംഘം പരിശോധിച്ചത്. സംഭവം നടന്ന് പത്തുദിവസത്തിനകമാണ് പ്രതികളെ പിടികൂടിയത്.
